കോഴിക്കോട്: കോര്‍പറേഷന്റെയും വ്യവസായ വാണിജ്യ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ ലോണ്‍-ലൈസന്‍സ്-സബ്‌സിഡി മേള സംഘടിപ്പിക്കുന്നു. നാളെ ടാഗോര്‍ ഹാളില്‍ നടക്കുന്ന മേള തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്യും. കോര്‍പറേഷന്‍ മേയര്‍ ഡോ. ബീന ഫിലിപ്പ് അധ്യക്ഷത വഹിക്കും. കോര്‍പറേഷന്റെ സമഗ്ര തൊഴില്‍ദാന പദ്ധതിയായ വി ലിഫ്റ്റും വ്യവസായ വകുപ്പിന്റെ സംരംഭക വര്‍ഷത്തിന്റെ ഭാഗമായുള്ള ‘എന്റെ സംരംഭം നാടിന്റെ അഭിമാനം പദ്ധതി’യും സമന്വയിപ്പിച്ചാണ് മേള സംഘടിപ്പിക്കുന്നത്. പുതിയ സംരംഭകര്‍ക്കും നിലവിലെ സംരംഭത്തില്‍ വികസനം ആവശ്യമുള്ളവര്‍ക്കും മേളയില്‍ പങ്കെടുക്കാം.
കുടുംബശ്രീ, എന്‍.യു.എല്‍.എം, ഫിഷറീസ് വകുപ്പ്, എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച്, വനിതാ വികസന കോര്‍പറേഷന്‍, ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ എന്നീ സര്‍ക്കാര്‍ വകുപ്പുകളുടെ സേവനങ്ങള്‍ മേളയില്‍ ലഭ്യമാകും. പ്രധാനപ്പെട്ട ദേശസാല്‍കൃത, സ്വകാര്യ ബാങ്കുകളും മേളയില്‍ പങ്കെടുക്കും. ബാങ്കുകളേയും സ്വയം തൊഴില്‍ പദ്ധതികള്‍ നടപ്പിലാക്കുന്ന വകുപ്പുകളേയും ഒരു കുടക്കീഴില്‍ കൊണ്ടു വരുന്നതിലൂടെ സംരംഭകര്‍ക്ക് തങ്ങള്‍ക്കാവശ്യമായവ തെരഞ്ഞെടുക്കാനുള്ള അവസരമാണ് ഒരുക്കുന്നത്. മേളയിലൂടെ സംരംഭകര്‍ക്ക് ബാങ്കുകളുടെ വിവിധ വായ്പാ പദ്ധതികളും വിവിധ വകുപ്പുകള്‍ വഴിയുള്ള സബ്‌സിഡി സ്‌കീമുകളും പരിചയപ്പെടാം. സംരംഭകര്‍ക്ക് ഉദ്യോഗസ്ഥരുമായി നേരിട്ട് സംവദിക്കാനുള്ള സൗകര്യവും മേളയിലൊരുക്കും. കെ സ്വിഫ്റ്റ് ലൈസന്‍സ്, ഉദ്യം രജിസ്‌ട്രേഷനുള്ള സംവിധാനങ്ങള്‍ മേളയില്‍ സജ്ജീകരിക്കും. ബാങ്ക് ലോണ്‍ അപേക്ഷകള്‍ സ്വീകരിക്കുന്നതിനൊപ്പം നിലവില്‍ സാങ്ഷനായ ലോണുകള്‍ സംരംഭകര്‍ക്ക് വിതരണം ചെയ്യും. മേളയില്‍ വിവിധ വകുപ്പുകളുടെ സബ്‌സിഡി പദ്ധതികള്‍ക്കുള്ള അപേക്ഷകളും സ്വീകരിക്കും.
നഗര പരിധിയിലെ തൊഴില്‍ രഹിതരും അര്‍ഹരുമായവര്‍ക്ക് പുതിയ സംരംഭം ആരംഭിക്കുന്നതിനു സഹായം നല്‍കുകയാണ് മേളയുടെ പ്രധാന ലക്ഷ്യം. ഉചിതമായ സംരംഭ മേഖലകള്‍ കണ്ടെത്താനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കാനുള്ള ഹെല്‍പ് ഡെസ്‌കുകളും മേളയില്‍ സജ്ജീകരിക്കുന്നുണ്ട്. സംരംഭകര്‍ക്ക് നിലവിലെ സംരംഭം മെച്ചപ്പെടുത്തുന്നതിനാവശ്യമായ സഹായങ്ങളും മേളയില്‍ ലഭ്യമാകും. രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി 9495861630, 9074046329 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.