രവി കൊമ്മേരി
ദുബൈ: വേനലവധികഴിഞ്ഞ് ഈ മാസം അവസാനത്തോടെ യു.എ.ഇയിലെ സ്‌കൂളുകള്‍ വീണ്ടും തുറന്ന് പുതിയ അധ്യയന വര്‍ഷം ആരംഭിക്കുമ്പോള്‍ സ്‌കൂള്‍ മാനേജ്‌മെന്റും വിദ്യാര്‍ഥികളും പാലിക്കേണ്ട കൊവിഡ് മാനദണ്ഡങ്ങള്‍ ദേശീയ ദുരന്ത നിവാരണ അതോറിറ്റി പ്രഖ്യാപിച്ചു.
12 വയസും അതില്‍ കൂടുതലുള്ള വിദ്യാര്‍ഥികളും ജീവനക്കാരും മറ്റു സേവനദാതാക്കളും സ്‌കൂളിലെ ആദ്യദിനം പി.സി.ആര്‍ ഫലം ഹാജരാക്കണമെന്നും 96 മണിക്കൂറിനിടയിലെ പി.സി.ആര്‍ നെഗറ്റിവ് ഫലമാണ് ഹാജരാക്കേണ്ടതെന്നും നിഷ്‌ക്കര്‍ഷിച്ചിട്ടുണ്ട്. എന്നാല്‍, പിന്നീട് ഓരോ ഘട്ടത്തിലും പി.സി.ആര്‍ ഫലം ആവശ്യമില്ലന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. ക്ലാസ് മുറികളിലടക്കം അടച്ചിട്ട സ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമായും ധരിച്ചിരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
യു.എ.ഇയിലെ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളില്‍ പുതിയ അധ്യയന വര്‍ഷം ആഗസ്റ്റ് 29നാണ് ആരംഭിക്കുക. 16 ലക്ഷത്തിലേറെ വിദ്യാര്‍ഥികളാണ് വീണ്ടും സ്‌കൂളില്‍ എത്തിച്ചേരുക. സ്‌കൂളുകളില്‍ സുരക്ഷ, ആരോഗ്യ സംരക്ഷണ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി അധികൃതര്‍ വ്യക്തമാക്കി. സ്‌കൂള്‍ കവാടങ്ങളില്‍ തെര്‍മല്‍ പരിശോധനയോ ക്ലാസ് മുറികളില്‍ സാമൂഹിക അകലമോ പാലിക്കാന്‍ പുതിയ മാനദണ്ഡം നിഷ്‌കര്‍ഷിക്കുന്നില്ല.
സ്‌കൂള്‍ ബസുകളിലെ ഡ്രൈവര്‍മാരും ജീവനക്കാരും മാസ്‌ക് ധരിക്കുകയും സാനിറ്റൈസ് ചെയ്യണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം, കൊവിഡ് സ്ഥിരീകരിച്ചാല്‍ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കുന്നത് തുടരും. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ പുതിയ മാനദണ്ഡം പരിഗണിച്ച് ഓരോ എമിറേറ്റിലെയും വിദ്യാഭ്യാസ വകുപ്പുകളാകും സ്‌കൂളുകള്‍ക്ക് നിര്‍ദേശം നല്‍കുക. ഒരു സ്‌കൂളിലെ 15 ശതമാനം കുട്ടികള്‍ക്ക് കൊവിഡ് ബാധിച്ചാലാണ് നിലവിലെ മാനദണ്ഡപ്രകാരം അടച്ചിടേണ്ടത്.