കോഴിക്കോട്: മെറ്റ്‌ലിഫെറസ് മൈന്‍സ് സേഫ്റ്റി ആക്ട് 1961 അനുസരിച്ച് ക്വാറികളും ജനവാസ കേന്ദ്രങ്ങളും തമ്മിലുള്ള സുരക്ഷിത ദൂരം അഞ്ഞൂറ് മീറ്റര്‍ ആണ്. ബ്ലാസ്റ്റിങ് നടത്തുന്നതിന് മുന്‍പ് എല്ലാ ജീവനക്കാരും സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്നും ഈ സുരക്ഷിത ദൂരം ഇരുനൂറു മീറ്റര്‍ ആണെന്നും നിയമം അനുശാസിക്കുന്നുണ്ട് .കൂടാതെ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് നടത്തിയ പഠനങ്ങളില്‍ സുരക്ഷിത ദൂരം 500 മീറ്റര്‍ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ വസ്തുത ദേശീയ ഹരിത ട്രൈബ്യണലിനെ അവര്‍ അറിയിച്ചിട്ടുള്ളതുമാണ്.
ഈ നിയമവും പഠന റിപ്പോര്‍ട്ടും കേരളത്തിലും നടപ്പാക്കണമെന്നും പബ്ലിക് ലയബിലിറ്റി ഇന്‍ഷുറന്‍സ് ആക്ട് 1991 കേരളത്തിലും നടപ്പാക്കണമെന്നും ഗ്രീന്‍ കേരള മൂവ്‌മെന്റ് ദേശീയ ഹരിത ട്രൈബ്യൂണല്‍ നിയോഗിച്ച വിധഗ്ദ സമിതി മുന്‍പാകെ ആവശ്യപ്പെട്ടു. ജലസ്രോതസ്സുകളുടേയും നദികളുടേയും സമീപത്ത് ക്വാറികള്‍ അനുവദിക്കരുതെന്നും അവ ഒരു കിലോമീറ്റര്‍ ദൂരത്ത് മാത്രമേ സ്ഥാപിക്കാവൂ എന്നും ക്വാറികളിലെ പ്രകമ്പനം സംബന്ധിച്ചും അന്തരീക്ഷ,വായു മലിനീകരണം സംബന്ധിച്ചു വിദഗ്ധ പഠനം നടത്തണമെന്നും ഗ്രീന്‍ കേരള മൂവ്‌മെന്റ് ആവശ്യപ്പെട്ടു.