ആട്ടവിളക്കിന്‍ തെളിമയില്‍ കഥകളിയാട്ടം; അരങ്ങേറ്റവുമായി രശ്മി വിപിന്‍ രാജ്

ആട്ടവിളക്കിന്‍ തെളിമയില്‍ കഥകളിയാട്ടം; അരങ്ങേറ്റവുമായി രശ്മി വിപിന്‍ രാജ്

കോഴിക്കോട്: ആടയാഭരണങ്ങള്‍ അണിഞ്ഞും ചുട്ടി കുത്തിയും ആട്ടവിളക്കിന്റെ തെളിമയില്‍ നിറഞ്ഞാടിയ കഥകളിയാട്ടം ആസ്വാദകര്‍ക്ക് നവ്യാനുഭവമായി. തൃപ്പുണിത്തറ കലാമണ്ഡലം വൈക്കം കരുണാകരന്‍ സ്മാരക കഥകളി സ്‌കൂള്‍ , തോടയം കഥകളി സംഘവുമായി സഹകരിച്ച് ചാലപ്പുറം ശ്രീകൃഷ്ണ ക്ഷേത്രം ഓഡിറ്റോറിയത്തിലായിരുന്നു കഥകളി അരങ്ങേറ്റവും അവതരണവും നടത്തിയത്. തൃപ്പുണിത്തുറ മുന്‍ നഗരസഭ ചെയര്‍ പേഴ്‌സണ്‍ അഡ്വ. രഞ്ജിനി സുരേഷിന്റെ കീഴില്‍ കഥകളി അഭ്യസിക്കുന്ന രശ്മി വിപിന്‍ രാജിന്റെ അരങ്ങേറ്റമായിരുന്നു വേദിയില്‍ ആദ്യം. വനവാസം കഴിഞ്ഞെത്തിയ പാണ്ഡവന്മാര്‍ക്കിടയില്‍ പാഞ്ചാലിയുടെ ദുഃഖം കേള്‍ക്കുകയും ഉപദേശിക്കുകയും ചെയ്യുന്ന ശ്രീകൃഷ്ണന്റെ വേഷം, ചെമ്പട താളത്തില്‍ പച്ചവേഷത്തില്‍ രശ്മി അവതരിപ്പിച്ച് അരങ്ങേറ്റം മികവുറ്റതാക്കി.

ഭരത നാട്യത്തില്‍ അരങ്ങേറ്റം കുറിച്ച കാസര്‍കോട് സ്വദേശിയായ രശ്മി കഴിഞ്ഞ നാല് വര്‍ഷമായി ഗിരിധര്‍ കൃഷ്ണയുടെ കീഴില്‍ കഥക് അഭ്യസിക്കുന്നു. കുറുമാത്തൂര്‍ മാധവന്‍ ആശാന്റെ കീഴില്‍ കഥകളി പഠനം തുടങ്ങിയ രശ്മി കഴിഞ്ഞ ഒരു വര്‍ഷമായി തൃപ്പൂണിത്തുറയില്‍ അഡ്വ. രഞ്ജിനിയുടെ കീഴില്‍ കഥകളി പഠിക്കുന്നു. ഭര്‍ത്താവ് വിപിന്‍ രാജ് അബുദാബിയില്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറാണ്. പ്രശസ്ത സിനിമാ നടന്‍ രാഘവന്‍ അമ്മാവനാണ്.

വേദിയില്‍ പാഞ്ചാലിയായി പ്ലസ്ടു വിദ്യാര്‍ഥിനിയായ വരദ പരമേശ്വരന്‍ വേഷമിട്ടു. തുടര്‍ന്ന് കുചേലവൃത്തം അവതരിപ്പിച്ചു. സുഹൃത്തായ കുചേലന്‍ കൃഷ്ണനെ കാണാന്‍ വരുന്ന മുഹൂര്‍ത്തമായിരുന്നു കഥ. കുചേലനായി ഹൈക്കോടതി അഭിഭാഷകന്‍ സുരേഷ് കുമാര്‍ , കൃഷ്ണനായി മീരാ സനല്‍, രുഗ്മിണിയായി വരദ പരമേശ്വരനും വേഷമിട്ടു.പാട്ട് – കലാമണ്ഡലം വിനോദ് , കോട്ടയ്ക്കല്‍ വിനീഷ്, ചെണ്ട – കോട്ടയ്ക്കല്‍ വിജയ രാഘവന്‍ , മദ്ദളം – കോട്ടക്കല്‍ സുധീഷ് , ചമയം – ആര്‍.എല്‍.വി അനുരാജ് എന്നിവര്‍ നിര്‍വഹിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *