കോഴിക്കോട്: ലൈംഗിക പീഡനക്കേസില്‍ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ട് വിവാദ ഉത്തരവ് പുറപ്പെടുവിച്ച ജഡ്ജിക്ക് സ്ഥലം മാറ്റം. കോഴിക്കോട് സെഷന്‍സ് കോടതി ജഡ്ജി എസ്.കൃഷ്ണകുമാറിനെയാണ് സ്ഥലം മാറ്റിയത്. കൊല്ലം ലേബര്‍ കോടതിയിലേക്ക് ജഡ്ജിയെ സ്ഥലംമാറ്റിയിരിക്കുന്നത്. ഇതുസംബന്ധിച്ച ഹൈക്കോടതി ഭരണവിഭാഗത്തിന്റെ ഉത്തരവ് പുറത്തിറങ്ങി. അതിജീവിത കാര്യബോധമില്ലാത്തയാളെന്നും പരാതിക്കാരി ലൈംഗികമായി പ്രകോപിപ്പിക്കുന്ന വസ്ത്രങ്ങള്‍ ധരിച്ചിരുന്നുവെന്ന കോടതിയുടെ പരാമര്‍ശമാണ് വിവാദമായത് . അതിനാല്‍ പീഡനാരോപണം നിലനില്‍ക്കില്ലെന്നും മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവില്‍ എസ്.കൃഷ്ണകുമാര്‍ പറഞ്ഞിരുന്നു.
ജാമ്യാപേക്ഷയോടൊപ്പം കുറ്റാരോപിതന്‍ സമര്‍പ്പിച്ച ചിത്രങ്ങളില്‍ നിന്ന് പരാതിക്കാരി ലൈംഗികമായി പ്രകോപിപ്പിക്കുന്ന വസ്ത്രങ്ങള്‍ ധരിച്ചിരുന്നു എന്നാണ് വ്യക്തമാകുന്നുണ്ടെന്നും അതിനാല്‍ ഇന്ത്യന്‍ ശിക്ഷാനിയമം 354എ പ്രകാരമുള്ള കുറ്റകൃത്യം പ്രഥമദൃഷ്ട്യാ നിലനില്‍ക്കില്ലെന്നായിരുന്നു പരാമര്‍ശം. 74 വയസുള്ള ശാരീരിക ശേഷിയില്ലാത്ത സിവിക് ചന്ദ്രന്‍ പരാതിക്കാരിയെ ബലം പ്രയോഗിച്ച് പീഡിപ്പിച്ചു എന്ന് പറയുന്നത് വിശ്വസിക്കാന്‍ കഴിയില്ല. 354ാം വകുപ്പ് പ്രയോഗിക്കണമെങ്കില്‍ ശാരീരികമായി സ്പര്‍ശം ഉണ്ടാവുകയും ലൈംഗികാവശ്യത്തിനായുള്ള ചേഷ്ടകള്‍ നടത്തുകയും ലൈംഗിക ബന്ധത്തിന് ആവശ്യപ്പെടുകയും വേണമെന്നും എസ്.കൃഷ്ണകുമാറിന്റെ വിവാദ ഉത്തരവിലുണ്ടായിരുന്നു. ഈ ഉത്തരവിനെതിരേ കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവന്നത്. ഈ സാഹചര്യത്തിലാണ് കൃഷ്ണകുമാറിന്റെ സ്ഥലമാറ്റം. കൃഷ്ണകുമാറിന് പകരം മഞ്ചേരി സെഷന്‍സ് കോടതി ജഡ്ജി മുരളീകൃഷ്ണന്‍.എസ് ആകും കോഴിക്കോട് സെഷന്‍സ് കോടതി ജഡ്ജി. അതിനിടെ സിവിക് ചന്ദ്രന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്