കോഴിക്കോട്: ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച അമൃത് സരോവര്‍ പദ്ധതിയില്‍ നവീകരിച്ച് ഒഞ്ചിയം ഗ്രാമപഞ്ചായത്തിലെ മുയിലോത്ത് കുളം. തൊഴിലുറപ്പ് പദ്ധതി മുഖേന നടപ്പാക്കുന്ന പദ്ധതിയില്‍ തൊഴിലാളികളോടൊപ്പം പ്രദേശവാസികളും ഒത്തുചേര്‍ന്നു. രാജ്യത്തിന്റെ 75ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഓരോ ജില്ലയിലെയും 75 നദികള്‍/ കുളങ്ങള്‍ എന്നിവ നിര്‍മിക്കുകയോ നവീകരിക്കുകയോ പുനരുജ്ജീവിപ്പിക്കുകയോ ചെയ്യുന്ന പദ്ധതിയാണ് അമൃത് സരോവര്‍ പദ്ധതി.
ദേശാടനപക്ഷികള്‍ എത്തുന്നതും വംശനാശം നേരിടുന്ന മത്സ്യങ്ങളും ജലജീവികളും ജല സസ്യങ്ങളും നിറഞ്ഞതുമായ കുളമാണ് മുയിലോത്ത് കുളം. പഞ്ചായത്തിന്റെ ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി സമീപഭാവിയില്‍ കുളത്തെ വിനോദസഞ്ചാര കേന്ദ്രമായി ഉയര്‍ത്താനാണ് പഞ്ചായത്തിന്റെ ലക്ഷ്യം. കുളത്തിന് ചുറ്റുമുള്ള സ്ഥലം ഏറ്റെടുത്ത് സൗന്ദര്യവല്‍ക്കകരണം നടത്തി പഞ്ചായത്തിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും മറ്റ് ആളുകള്‍ക്കും നീന്തല്‍ പരിശീലനത്തിനും വ്യായാമത്തിനും ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലാക്കി മാറ്റും.
ബാഡ്മിന്റണ്‍ കോര്‍ട്ട്, വോളിബോള്‍ കോര്‍ട്ട് എന്നിവ നിര്‍മ്മിക്കാനും പഞ്ചായത്ത് ലക്ഷ്യമിടുന്നുണ്ട്. തൊഴിലുറപ്പ് പദ്ധതി മുഖേന 58,000 രൂപയും സി.എഫ്.സി ഗ്രാന്റ് വഴി 22 ലക്ഷം രൂപയുമാണ് കുളത്തിന്റെ നവീകരണത്തിനായി സര്‍ക്കാര്‍ അനുവദിച്ചത്. വടകര താലൂക്കിലെ ഏറ്റവും വലിയ ജലസമ്പത്തായ ഈ കുളം, ഒഞ്ചിയം ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡിലാണ് സ്ഥിതി ചെയ്യുന്നത്.