കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ ഓണസമ്മാനം സൗജന്യ ഓണക്കിറ്റിന്റെ കോഴിക്കോട് ജില്ലാതല ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി നിര്‍വഹിച്ചു. തുണി സഞ്ചി ഉള്‍പ്പടെ 14 ഇനം ആവശ്യ സാധനങ്ങളാണ് കിറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ജില്ലയില്‍ 8,70,722 കുടുംബങ്ങള്‍ക്കാണ് സൗജന്യ ഓണക്കിറ്റ് ലഭിക്കുക. ചടങ്ങിനോടനുബന്ധിച്ച് മുന്‍ഗണന റേഷന്‍ കാര്‍ഡ് വിതരണവും നടന്നു. മുഴുവന്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും നിശ്ചയിക്കപ്പെട്ട ദിവസങ്ങളില്‍ ഓണക്കിറ്റ് കൈപ്പറ്റാം. മഞ്ഞ കാര്‍ഡുടമകള്‍ ഓഗസ്റ്റ് 23, 24 തീയതികളിലും പിങ്ക് കാര്‍ഡുടമകള്‍ ഓഗസ്റ്റ് 25, 26,27 തീയതികളിലും ഭക്ഷ്യ കിറ്റുകള്‍ വാങ്ങണം. നീല കാര്‍ഡുടമകള്‍ക്ക് ഓഗസ്റ്റ് 29, 30, 31 തീയതികളില്‍ കിറ്റ് വാങ്ങാം.
വെള്ള കാര്‍ഡുള്ളവര്‍ സെപ്റ്റംബര്‍ 1,2, 3 തീയതികളില്‍ കിറ്റ് വാങ്ങണം. നിശ്ചയിക്കപ്പെട്ട ദിവസങ്ങളില്‍ ഓണക്കിറ്റ് വാങ്ങാന്‍ കഴിയാത്തവര്‍ക്ക് സെപ്റ്റംബര്‍ നാല് മുതല്‍ ഏഴു വരെ കിറ്റ് കൈപ്പറ്റാവുന്നതാണ്. സെപ്റ്റംബര്‍ ഏഴിന് ശേഷം ഓണക്കിറ്റ് വിതരണം ഉണ്ടായിരിക്കുന്നതല്ല.
നീല,വെള്ള കാര്‍ഡ് ഉടമകള്‍ക്ക് 10 കിലോ അരി സ്പെഷ്യല്‍ റേഷന്‍ ആയി നല്‍കും. ഈ ഓണക്കാലത്ത് മാത്രമായി ജില്ലയില്‍ മുന്‍ഗണനാ വിഭാഗത്തിന് 1312 റേഷന്‍ കാര്‍ഡുകള്‍ പുതിയതായി അനുവദിച്ചു. ഈ കാര്‍ഡ് ഉപയോഗിച്ച് ഭക്ഷ്യധാന്യങ്ങള്‍ക്കു പുറമേ വിദ്യാഭ്യാസം, ചികിത്സ മറ്റ് ആനുകൂല്യങ്ങളും ലഭ്യമാകുമെന്ന് ജില്ലാ സപ്ലൈ ഓഫിസര്‍ കെ.രാജീവ് പറഞ്ഞു.
വാര്‍ഡ് കൗണ്‍സിലര്‍ എം. എന്‍ പ്രവീണ്‍ അധ്യക്ഷനായിരുന്ന ചടങ്ങില്‍ എ.ഡി.എം.സി മുഹമ്മദ് റഫീഖ് മുഖ്യാതിഥിയായിരുന്നു. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ സത്യന് കടിയങ്ങാട്, പി.ടി ആസാദ്, സി.അബ്ദുല്‍ റഹീം, തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ സപ്ലൈ ഓഫിസര്‍ കെ. രാജീവ് സ്വാഗതവും കൊയിലാണ്ടി സപ്ലൈകോ ഡിപ്പോ മാനേജര്‍ പി.ഫൈസല്‍ നന്ദിയും പറഞ്ഞു.