കോഴിക്കോട്: കോര്‍പറേറ്റുകള്‍ക്കും ഖനന മാഫിയകള്‍ക്കും പ്രകൃതിയെ കൊള്ളയടിക്കാന്‍ അനുമതി കൊടുക്കുന്ന സര്‍ക്കാര്‍ നയത്തിനെതിരേ ശക്തമായ പ്രക്ഷോഭം ആരംഭിക്കുവാന്‍ ഗ്രീന്‍ കേരള മൂവ്‌മെന്റ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. ഇതിന്റെ ഭാഗമായ ക്വാറി മാഫിയില്‍ നിന്ന് കേരളത്തെ മോചിപ്പിക്കുക, തീരദേശം തകര്‍ക്കുന്ന വിഴിഞ്ഞം തുറമുഖ പദ്ധതിയും കേരളത്തെ തകര്‍ക്കുന്ന കെ- റെയില്‍ പദ്ധതിയും ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട്31ന് സെക്രട്ടറിയേറ്റിനുമുന്നില്‍ ധര്‍ണസമരം നടത്തുവാന്‍ യോഗം തീരുമാനിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. പ്രമുഖ രാഷ്ട്രീയ സാമൂഹ്യ പരിസ്ഥിതി പ്രവര്‍ത്തകര്‍ ധര്‍ണയെ അഭിവാദ്യം ചെയ്യും.
ജനവാസകേന്ദ്രങ്ങളും ക്വാറികളും തമ്മിലുള്ള സുരക്ഷിത അകലം ശാസ്ത്രീയമായി കണ്ടെത്താനും ക്വാറികള്‍ സൃഷ്ടിക്കുന്ന പ്രകമ്പനം സംബന്ധിച്ചു. ശബ്ദ, അന്തരീക്ഷ, ജല മലിനീകരണം സംബന്ധിച്ചും നാഷണല്‍ ഗ്രീന്‍ ട്രൈബ്യൂണല്‍ നിയോഗിച്ച ഉപസമിതി ഈ മാസം 23ന് കോഴിക്കോട്ടും 24 ന് എറണാകുളത്തും 25ന് തിരുവനന്തപുരത്തും നടത്തുന്ന പൊതുതെളിവെടുപ്പില്‍ സംസ്ഥാനത്തെ വിവിധ സമരസമിതികളില്‍ നിന്നായി ആയിരത്തിലധികം പരാതികള്‍ തെളിവുകള്‍ സഹിതം സമര്‍പ്പിക്കുവാന്‍ യോഗം തീരുമാനിച്ചു.
നിയമപരമായി 537 ക്വാറികള്‍ക്ക് മാത്രം ലൈസന്‍സ് ഉള്ള കേരളത്തില്‍ അയ്യായിരത്തിലധികം ക്വാറികളാണ് പ്രവര്‍ത്തിക്കുന്നത്. എന്ന് യോഗം വിലയിരുത്തി. ഗ്രീന്‍ കേരള മൂവ്‌മെന്റ് സംസ്ഥാന ചെയര്‍മാന്‍ ജോണ്‍ പെരുവന്താനം അധ്യക്ഷത വഹിച്ചു. ജോണ്‍ ജോസഫ്, ടി.വി രാജന്‍, പ്രൊഫ.കുസുമം ജോസഫ്, കെ.എ വര്‍ഗീസ്, മനോജ് ടി.സാരംഗ്, ഇ.കെ ശ്രീനിവാസന്‍, കെ.എം സുലൈമാന്‍, അഡ്വ.അനീഷ് ലൂക്കോസ്, സി.രാജഗോപാലന്‍, പി.കെ രാജലക്ഷ്മി, മലയിന്‍കീഴ് ശശികുമാര്‍, ബഷീര്‍ ആനന്ദ് ജോണ്‍ , വര്‍ഗീസ് വട്ടേക്കാട്, ഇ.പി അനില്‍, അഡ്വ.ഷൈജന്‍ ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.