സുല്‍ത്താന്‍ ബത്തേരി: അശാസ്ത്രീയവും അനിയന്ത്രിതവും ദീര്‍ഘവീക്ഷണവും ഇല്ലാതെയുള്ള ഇടപെടലുകള്‍ നമ്മുടെ പ്രകൃതിയുടെയും സഹജീവികളുടെയും ഭൂമിയുടെയും നിലനില്‍പ്പിന് ഭീഷണിയാവുന്ന വര്‍ത്തമാന കാലത്ത് പ്രകൃതിയും മനുഷ്യനും തമ്മിലുള്ള സഹവര്‍ത്തിത്വത്തെ കുറിച്ച് ബോധ്യപ്പെടുത്തിക്കൊണ്ട് ദക്ഷിണേന്ത്യന്‍ ചിത്രകാരന്മാരെ ഏകോപിപ്പിച്ച് ചിങ്ങം ചിത്രകലാ ക്യാമ്പ് നടത്തി. സുല്‍ത്താന്‍ ബത്തേരിയിലെ തപോവന്‍ ഓര്‍ഗാനിക് ഫാം ഹൗസില്‍ നടന്ന ദ്വിദിന ക്യാമ്പ് ആശയ ഗരിമ കൊണ്ടും, ആലേഖന മികവ് കൊണ്ടും മികച്ചു നിന്നു.
നാനാഭാഗങ്ങളില്‍ സംഘടിപ്പിക്കപ്പെടുന്ന സാധാരണ ചിത്രകലാ ക്യാമ്പുകളില്‍ നിന്ന് വിഭിന്നമായ, തദ്ദേശിയവും, വിദേശീയവുമായ പലതരം സസ്യലതാദികളേയും ഫലവൃക്ഷങ്ങളേയും നേരിട്ട് കണ്ടും ആസ്വദിച്ചും അനുഭവിച്ചറിയാന്‍ കഴിയുന്ന തരത്തിലായിരുന്നു ക്യാമ്പ് സംഘടിപ്പിക്കപ്പെട്ടത്. പ്രശസ്ത കാര്‍ട്ടൂണിസ്റ്റും ചിത്രകലാ പരിഷത്ത് സംസ്ഥാന ട്രഷററുമായ ഷാജി പാംബ്ല ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മുത്തങ്ങ ഫോറസ്റ്റ് അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്ഡന് കെ.സുനില്‍കുമാര്‍ മുഖ്യാതിഥിയായിരുന്നു.
കര്‍ണ്ണാടകയില്‍ നിന്ന് കലാരത്ന ദേവി പ്രസാദ്, ഡി.രാമകൃഷ്ണറാവു, ശിവ ഹാദിമണി മൈസൂര്‍, ഹൈദരബാദില്‍ നിന്ന് കെ.പാര്‍വ്വതി, മഞ്ജൂള, ആസാം ചിത്രകാരി അജന്താ ദാസ് , ചെന്നൈയില്‍ നിന്ന് സി.പി. ജയപ്രകാശ്,. ബാബു ഹുസൈന്, ഷീല, പുതുച്ചേരി മാഹിയില്‍ നിന്ന് അനീസ് ആന്‍സി , നിഷാഭാസ്കര് ,സജീവന് പള്ളൂര്‍, കേരളത്തിലെ ചിത്രകാരന്മാരായ സന്ദീപ് രാംനാഥ്, ശിവന് കൈലാസ്, രാജ് ബാല്‍റാം, ബി.ടി.കെ അശോക്, ദീപന് കോളാട്, പ്രിയജ ജുജു, രാജ്ബലറാം ,രേഷ്മ ശശി, ചന്ദ്രന് മൊട്ടെമ്മല്‍, സി.എന്‍ രാജു, ശ്രീലത കണ്ണാടി, സുജില്‍ കുമാര്‍, ബിജു സെന്‍, ഗുരു ആര്‍ട്സ് മണക്കടവ്, തുടങ്ങിയ ചിത്രകാരന്മാര് ക്യാമ്പില്‍ പങ്കെടുത്തു. ക്യാമ്പംഗങ്ങള്‍ വിവിധ തരം കലാപരിപാടികള്‍ അവതരിപ്പിച്ചു. ക്യാമ്പ് അംഗങ്ങള്‍ക്ക് പ്രശസ്ത ചിത്രകാരന് ദേവീപ്രസാദ് മെഡിറ്റേഷന്‍ ക്ലാസ് നല്കി. ക്യാമ്പ് സമാപനത്തില്‍ മുഴുവന്‍ ചിത്രകാരന്മാരും ഫലവൃക്ഷ തൈകള്‍ നട്ടു. ക്യാമ്പ് ഡയരക്ടര്‍ ജയപ്രകാശ് സ്വാഗതവും കോ ഓര്‍ഡിനേറ്റര്‍ ബിജു സെന്‍ നന്ദിയും പറഞ്ഞു.