കോഴിക്കോട്: രാജസ്ഥാനി കുടുംബങ്ങള്‍ ഉള്‍പ്പെട്ട മാര്‍വാഡി സമാജത്തിന്റെ ആഭിമുഖ്യത്തില്‍ കുടുംബമേള സംഘടിപ്പിക്കുന്നു. 21ന് ഞായറാഴ്ച വൈകുന്നേരം ആറു മണിക്ക് ഗുജറാത്തി ഹാളിലാണ് പരിപാടി. രാജ്യത്തിന്റെ 75ാം സ്വാതന്ത്ര ദിനം – അമൃത മഹോത്സവത്തിന്റെ ഭാഗമായി നടത്തുന്ന കുടുംബ മേള മാര്‍വാഡി സമാജം പ്രസിഡന്റ് അലോക് കുമാര്‍ സാബു ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് – രാധേശ്യം ദലാല്‍ സ്വാഗതവും സെക്രട്ടറി – രാജുകുമാര്‍ ഭാവന നന്ദിയും പറയും. ട്രഷറര്‍ – കാന്‍ സിംഗ് റാവു, ജോയിന്റ് സെക്രട്ടറി – സഞ്ജീവ് സാബു എന്നിവര്‍ സംസാരിക്കും.
വെസ്റ്റ്ഹില്‍ ബാരക്സിലെ 122 ഇന്‍ഫെന്ററി ബറ്റാലിയന് ടെറിട്ടോറിയല്‍ ആര്‍മി മദ്രാസ് റെജിമെന്റ് സൈനികര്‍ അവതരിപ്പിക്കുന്ന ബാന്‍ഡ് മേളം മുഖ്യ ആകര്‍ഷണം. 10 ഓളം അംഗങ്ങളുമാണ് ബാന്‍ഡ് മേളം നടത്തുക.
1947 – 2022 കാലയളവില്‍ ഇന്ത്യന്‍ സംസ്കാരത്തിലുണ്ടായ മാറ്റങ്ങള്‍ നൃത്തം, നാടകം, ടാബ്ളോ എന്നിവയിലൂടെ അവതരിപ്പിക്കുന്ന ‘ദബ് സെ അഭ് , ശ്രീനാരായണ കോളജിലെ എം.ബി.എ വിദ്യാര്‍ത്ഥിനി ആയുഷി റാണി രാജ് പുരോഹിത് ഗണേശ് വന്ദനം അവതരിപ്പിക്കും. കായിക പ്രതിഭകളായ വിദ്യാര്‍ത്ഥികള്‍ക്ക് പുരസ്ക്കാരം നല്‍കും.
കോഴിക്കോട് നഗരം കേന്ദ്രീകരിച്ച് ആറ് പതിറ്റാണ്ട് കാലമായി 400ലേറെ കുടുംബങ്ങളായി രാജസ്ഥാനികള്‍ കഴിയുന്നു. ഭൂരിഭാഗം പേരും ടെക്സ്റ്റൈല്‍സ്, സ്വര്‍ണം, ഇലക്ട്രിക്കല്‍ വ്യാപാര മേഖലയില്‍ സജീവമാണ്. കുടുംബാംഗങ്ങളില്‍ രാജ്യസ്നേഹവും പരസ്പര ബഹുമാനവും വര്‍ധിപ്പിക്കുകയാണ് പരിപാടി കൊണ്ട് ലക്ഷ്യമിടുന്നതെന്ന് മാര്‍വാഡി സമാജം പ്രസിഡന്റ് അലോക് കുമാര്‍ സാബു പറഞ്ഞു. പരിപാടി ഇംപ്രസ് മീഡിയ തത്സമയം സംപ്രേക്ഷണം ചെയ്യും.