‘സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് പൊതുജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത ഏറുന്നു’

‘സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് പൊതുജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത ഏറുന്നു’

 

കോഴിക്കോട്: സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് പൊതുജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത ഏറി വരുന്നുവെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്ജ്. ഫറോക്ക് താലൂക്ക് ആശുപത്രിയില്‍ പ്രവര്‍ത്തനമാരംഭിച്ച ഒഫ്താല്‍മിക് ബ്ലോക്കിന്റെയും കുട്ടികളുടെ ഐ.സി.യുവിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. പരമാവധി സൗജന്യമായി, അല്ലെങ്കില്‍ മിതമായ നിരക്കില്‍ എല്ലാ ചികിത്സാ സൗകര്യങ്ങളും സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭ്യമാക്കുകയെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴില്‍ 1.30 കോടി രൂപ ചെലവിലാണ് ഒഫ്താല്‍മിക് ബ്ലോക്ക് ഒരുക്കിയത്. നേത്ര ചികിത്സയ്ക്കുള്ള ആധുനിക സൗകര്യങ്ങളും ശസ്ത്രക്രിയയ്ക്കുള്ള തീയേറ്ററും ഇവിടെ സജ്ജമാണ്. മെഡിക്കല്‍ കോളേജുകളിലും മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികളിലും നടത്തുന്ന തിമിര ശസ്ത്രക്രിയ ഉള്‍പ്പെടെ ഇനി താലൂക്ക് ആശുപത്രിയില്‍ നടത്താനാവും. മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ 30 ലക്ഷം രൂപയുടെ ഉപകരണങ്ങളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. 5 കിടക്കകള്‍ ഉള്‍പ്പെടുന്നതാണ് പീഡിയാട്രിക് ഐ.സി.യു. ഗുരുതര രോഗബാധിതരായ കുട്ടികള്‍ക്ക് താലൂക്ക് ആശുപത്രിയില്‍ മികച്ച ചികിത്സ ലഭ്യമാക്കുന്ന രീതിയിലാണ് ഐ.സി.യു ഒരുക്കിയിരിക്കുന്നത്.

ചടങ്ങില്‍ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ കെ.റീജ, വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ കെ.പി നിഷാദ്, താഹിറ, സമീഷ്, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.നവീന്‍, തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ വി.ഉമ്മര്‍ ഫാറൂഖ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഫറോക്ക് മുനിസിപ്പാലിറ്റി ചെയര്‍മാന്‍ എന്‍.സി അബ്ദുല്‍ റസാഖ് സ്വാഗതവും താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ആര്‍ ലാലു ജോണ്‍സ് നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *