സംഘര്‍ഷഭരിതമായി വിഴിഞ്ഞം; ബാരിക്കേഡ് മറികടന്ന് സുരക്ഷാമേഖലയിലേക്ക് കയറി പ്രതിഷേധക്കാര്‍

സംഘര്‍ഷഭരിതമായി വിഴിഞ്ഞം; ബാരിക്കേഡ് മറികടന്ന് സുരക്ഷാമേഖലയിലേക്ക് കയറി പ്രതിഷേധക്കാര്‍

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തിവയ്ക്കണം, തീരശോഷണത്തിന് ശാശ്വത പരിഹാരം വേണം, വീട് നഷ്ടപ്പെട്ടവരുടെ പുനരധിവാസം ഉറപ്പാക്കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് വിഴിഞ്ഞം തുറമുഖ കവാടത്തില്‍ മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരത്തില്‍ സംഘര്‍ഷം. പ്രദേശത്ത് പോലിസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ തള്ളിയിട്ട് പ്രതിഷേധക്കാര്‍ അതീവ സുരക്ഷാമേഖലയിലേക്ക് ഇരച്ചുകയറി. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള പ്രതിഷേധക്കാര്‍ നിര്‍മാണ സ്ഥലത്തേക്ക് ഇരച്ചുകയറുകയും തുറമുഖ കവാടത്തിന് മുകളില്‍ പ്രതിഷേധക്കാര്‍ കൊടിനാട്ടുകയും ചെയ്തു. തുറമുഖ നിര്‍മ്മാണം നിര്‍ത്തിവെക്കണമെന്നതടക്കമുള്ള തങ്ങളുടെ ആവശ്യങ്ങളില്‍ നിന്നും പിന്നോട്ട് പോകില്ലെന്ന് സമരക്കാര്‍ ആവര്‍ത്തിച്ചു.

തുടര്‍ച്ചയായ നാലാം ദിവസമാണ് മത്സ്യത്തൊഴിലാളികള്‍ സമരം നടത്തുന്നത്. പള്ളം ലൂര്‍ദ്പുരം, അടിമലത്തുറ, കൊച്ചു പള്ളി എന്നിവിടങ്ങളില്‍ നിന്നുള്ള മത്സ്യത്തൊഴിലാളി കുടുംബങ്ങളാണ് ഇന്ന് സമരവേദിയിലേക്ക് എത്തിയത്. വൈദികര്‍ പുലിമുട്ടുകള്‍ക്ക് മുകളില്‍ കയറി പതാകയും നാട്ടി. സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയേക്കും. ഡല്‍ഹിയില്‍ നിന്ന് ഫിഷറീസ് മന്ത്രി വി.അബ്ദുറഹിമാന്‍ ഇന്ന് മടങ്ങിയെത്തിയതിനു ശേഷം ചര്‍ച്ചയ്ക്കുള്ള സ്ഥലവും സമയവും നിശ്ചയിക്കും. ചര്‍ച്ചയ്ക്ക് സമ്മതമാണെന്ന് ലത്തീന്‍ അതിരൂപത ഇന്നലെ അറിയിച്ചിരുന്നു. ആവശ്യങ്ങള്‍ അംഗീകരിക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് സമരത്തിന് നേതൃത്വം നല്‍കുന്ന ലത്തീന്‍ അതിരൂപത വ്യക്തമാക്കിയിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *