“സംസ്ഥാനത്തെ ക്വാറി മേഖലയില്‍ വന്‍കിടക്കാര്‍ പിടിമുറുക്കുന്നു”

“സംസ്ഥാനത്തെ ക്വാറി മേഖലയില്‍ വന്‍കിടക്കാര്‍ പിടിമുറുക്കുന്നു”

കോഴിക്കോട്: കേരളത്തിലെ കരിങ്കല്‍ ക്വാറി മേഖലയില്‍ വന്‍കിട കമ്പനി പിടിമുറുക്കുന്നു. വിവിധ ജില്ലകളിലായി പതിനൊന്നോളം ക്വാറികള്‍ക്കാണ് സംസ്ഥാനത്ത് ഈയിടെ അവര്‍ക്ക് അനുമതി ലഭിച്ചത്. അദാനി ഗ്രൂപ്പിന്റെ കീഴില്‍ നടക്കുന്ന വിഴിഞ്ഞം തുറമുഖ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റും സുഗമമായി കരിങ്കല്‍ അടക്കമുള്ള നിര്‍മാണ സാമഗ്രികള്‍ക്കുള്ള സുഗമമായ ലഭ്യത ഉറപ്പു വരുത്തുന്നതിനു വേണ്ടിയാണെന്ന മറപറ്റിയാണ് ഇതെന്ന് ചെറുകിട ക്വാറി അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എം.കെ ബാബു പറഞ്ഞു.
തിരുവനന്തപുരത്തെ വന്‍കിട ക്വാറികള്‍ കൂടാതെ കോഴിക്കോട് കൂരാച്ചുണ്ടിലടക്കമാണ് ഈയടുത്ത് ക്വാറി ഇവര്‍ തുടങ്ങിയത്. അഞ്ച് ഹെക്ടറിലധികം വിസ്തീര്‍ണമുള്ള വന്‍കിട ക്വാറികളാണ്. ഇവ പുതുതായി വരുന്ന ക്വാറികളാണെന്നതും ഏറെ ശ്രദ്ധേയമാണ്. 586 ക്വാറികളാണ് സംസ്ഥാനത്ത് മൈനിങ് ആന്റ് ജിയോളജി വകുപ്പിന്റെ കണക്കുപ്രകാരമുള്ളത്. ഇതില്‍ ഏകദേശം അന്‍പതോളം ക്വാറികളാണ് വന്‍കിട ഗണത്തില്‍പ്പെടുന്നത്. പോബ്‌സണ്‍ അടക്കമുള്ള വന്‍കിട ഗ്രൂപ്പുകളുടെ കൈവശമുള്ള ഇത്തരം ക്വാറികളും സാങ്കേതിക തടസ്സങ്ങളാല്‍ പ്രവര്‍ത്തനം നിറുത്തിയ ചെറുകിട ക്വാറികളും മറ്റും ഏറ്റെടുത്താണ് വന്‍കിടക്കാര്‍ ഈ മേഖല പൂര്‍ണമായും തങ്ങളുടെ കൈപ്പിടിയിലൊതുക്കുവാനുള്ള നീക്കങ്ങള്‍ നടത്തുന്നതെന്ന ആക്ഷേപമുയരുന്നത്. ഇതിനായി ചെറുകിട ക്വാറികളെ പല വിധ സാങ്കേതിക പ്രശ്‌നങ്ങളും പാരിസ്ഥിതിക പ്രശ്‌നങ്ങളുമടക്കമുയര്‍ത്തി ദ്രോഹിക്കുകയാണെന്നാണ് ചെറുകിട ക്വാറി അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അടക്കമുള്ള സംഘടനകള്‍ ആരോപിക്കുന്നത്.
കെ.എഫ്.ആര്‍.എ അടക്കമുള്ള സംസ്ഥാന സര്‍ക്കാര്‍ ഗവേഷണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ ഗൂഗിള്‍ സര്‍വേയെന്ന പേരില്‍ ഉരുള്‍പൊട്ടല്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണം ക്വാറികളാണെന്ന അശാസ്ത്രീയമായ റിപ്പോര്‍ട്ടുകള്‍ പുറത്തുവിടുന്നതും ഇത്തരം കുത്തകകള്‍ക്ക് വേണ്ടിയാണെന്ന ആരോപണമാണ് അസോസിയേഷന്‍ ഉയര്‍ത്തുന്നത്. ഇന്നലെ കോഴിക്കാട് ചേര്‍ന്ന അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി ഇത്തരം പ്രത്യക്ഷ സമര പരിപാടികള്‍ അടക്കം സംഘടിപ്പിക്കാനുള്ള തീരുമാനവുമെടുത്തിട്ടുണ്ടെന്ന് സംസ്ഥാന പ്രസിഡന്റ് ഷെരീഫ് പുത്തന്‍ പുരയില്‍ പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *