ലോക്ഡൗൺ കാലത്തെ അധിക വൈദ്യുതി ബില്ലിൽ അനുപാതിക ഇളവ്

തിരുവനന്തപുരം : ലോക്​ഡൗണ്‍ കാലത്ത്​  വൈദ്യുതി ബില്‍ ക്രമാതീതമായി വര്‍ധിച്ചതിനെതിരെ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിൽ    അധികമായി ഉപയോഗിച്ച വൈദ്യുതിയുടെ ബില്ലിന്​ ആനുപാതികമായി സബ്​സിഡി നല്‍കുമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തിനിടെയാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.

40 യൂണിറ്റ്​ വരെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്​താക്കള്‍ക്ക്​ വൈദ്യുതി നിലവില്‍ സൗജന്യമാണ്​. ലോക്​ഡൗണ്‍ കാലത്തെ അധിക ഉപഭോഗം കാരണം ഈ പരിധി കടന്നിട്ടുണ്ടെങ്കിലും അവരില്‍ നിന്ന്​ ബില്‍ ഈടാക്കില്ലെന്ന്​ മുഖ്യമന്ത്രി പറഞ്ഞു.

50 യൂണിറ്റ്​ വരെ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക്​ അധിക വൈദ്യുതി ഉപഭോഗത്തിന്റെ പകുതി സബ്​സിഡിയായി അനുവദിക്കും.

100 യൂണിറ്റ്​ വരെ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക്​ അധിക ഉപഭോഗത്തി​​ന്റെ 30 ശതമാനം സബ്​സിഡി അനുവദിക്കും.

150 യൂണിറ്റ്​ വരെ വൈദ്യുതി ഉപയോഗിക്കുന്നവർക്ക്.  അധിക ഉപഭോഗത്തി​​ന്റെ 25 ശതമാനമാണ്​ സബ്​സിഡി ലഭിക്കുക. 150 യൂണിറ്റിന്​ മുകളില്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക്​ അധിക ഉപഭോഗത്തി​​ന്റെ 20 ശതമാനം സബ്​സിഡി ലഭിക്കും. 90 ലക്ഷം ഗാര്‍ഹിക ഉപഭോക്താക്കൾക്ക്​ ഇതി​​ന്റെ പ്രയോജനം ലഭിക്കുമെന്ന്​ മുഖ്യമന്ത്രി പറഞ്ഞു.

ലോക്​ഡൗണ്‍ കാലത്തെ ബില്‍ അടക്കുന്നതിന്​ അഞ്ച്​ തവണകള്‍ വരെ അനുവദിക്കും. മൂന്ന്​ തവണകള്‍ വരെയായി അടക്കാമെന്ന്​ ​നേരത്തെ തീരുമാനിച്ചിരുന്നു.

സബ്​സിഡി അനുവദിക്കുന്നതിലൂടെ വൈദ്യൂതി ബോര്‍ഡിന്​ 200 കോടിയുടെ അധിക ബാധ്യതയാണ്​ ഉണ്ടാകുക.

വൈദ്യുതി ചാര്‍ജ്​​ പുതുക്കിയിട്ടി​ല്ലെന്നും ഉപഭോഗം വര്‍ധിച്ചതിനാലാണ്​ ബില്‍ തുക വര്‍ധിച്ചതെന്നും മുഖ്യമന്ത്രി ചൂണ്ടികാട്ടി. നാല്​ മാസത്തെയടക്കം ബില്‍ ഒരുമിച്ച്‌​ നല്‍കിയതിനാലാണ്​ തുക വര്‍ധിച്ചത്​. ഫെബ്രുവരി മുതല്‍ മെയ്​ വരെ ഉപഭോഗം വര്‍ധിക്കുന്ന മാസങ്ങ​ളാണെന്നും ലോക്​ഡൗണ്‍ കൂടി ആയതിനാല്‍ ഗാര്‍ഹിക ഉപഭോഗം ക്രമാതീതമായി വര്‍ധിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാലും പരാതികള്‍ പരിശോധിക്കാന്‍ ബോര്‍ഡിന്​ നിര്‍ദേശം നല്‍കിയിട്ടുണ്ട്​. ലോക്​ഡൗണ്‍ കാലത്തെ ബില്‍ അടക്കാത്തതിന്​ ആരുടെയും വൈദ്യുതി കണക്​ഷന്‍ വിഛേദിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *