രാജ്യം സ്വാതന്ത്ര്യദിനാഘോഷ നിറവില്‍; ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി പ്രധാനമന്ത്രി

രാജ്യം സ്വാതന്ത്ര്യദിനാഘോഷ നിറവില്‍; ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ദേശീയ പതാക ചെങ്കോട്ടയില്‍ ഉയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചു. 76ാം സ്വാതന്ത്ര്യദിനാഘോഷത്തിലാണ് നമ്മള്‍. സ്വാതന്ത്ര്യ സമര സേനാനികളെ സ്മരിച്ച പ്രധാനമന്ത്രി എല്ലാവര്‍ക്കും ആശംസകള്‍ നേര്‍ന്നു. വരുംവര്‍ഷങ്ങളില്‍ അഞ്ച് പ്രധാനലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് മുന്നോട്ടുപോകേണ്ടത്. വികസിത ഇന്ത്യ, അടിമത്തമനോഭാവം ഇല്ലാതാക്കല്‍, പാരമ്പര്യത്തില്‍ അഭിമാനിക്കല്‍, വിവിധ വിഭാഗങ്ങള്‍ക്കിടയിലെ ഐക്യം, കടമ നിര്‍വഹിക്കല്‍ എന്നിവയിലെല്ലാമാണ് കേന്ദ്രീകരിക്കേണ്ടത്. അടുത്ത 25 വര്‍ഷം രാജ്യത്തെ സംബന്ധിച്ച് പ്രധാനമാണ്. പുതിയ ദിശയിലേക്ക് നീങ്ങാനുള്ള സമയമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ദേശീയ പതാക ഉയര്‍ത്തിയതിന് ശേഷം ഹെലിക്കോപ്റ്ററുകള്‍ ആകാശത്ത് നിന്ന് പുഷ്പ വൃഷ്ടി നടത്തി. 7000 അതിഥികളെയാണ് ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന ആഘോഷത്തിന് ക്ഷണിച്ചിരിക്കുന്നത്. കോവിഡ് മുന്നണി പോരാളികളും, മോര്‍ച്ചറി ജീവനക്കാരും, വഴിയോര കച്ചവടക്കാരും ഉള്‍പ്പെടുന്നു.

സ്വാതന്ത്ര്യ ദിനാഘോഷം കണക്കിലെടുത്ത് രാജ്യ തലസ്ഥാനത്തുള്‍പ്പെടെ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഡല്‍ഹിയില്‍ മാത്രം 10,000 ത്തിലധികം പോലിസുകാരെ വിന്യസിച്ചു. ഉന്നത ഉദ്യോഗസ്ഥര്‍ സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി. അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ക്യാമറകള്‍ നിരീക്ഷണത്തിന് സ്ഥാപിച്ചിട്ടുണ്ട്. രാജ്യ തലസ്ഥാനത്ത് ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തി.അതേസമയം രാഷ്ട്രപതി ദ്രൗപദി മുര്‍മുവും എല്ലാവര്‍ക്കും സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്നു.

രാജ്യത്ത് ജനാധിപത്യം കൂടുതല്‍ ശക്തമായി. ഇന്ത്യ മറ്റു രാജ്യങ്ങള്‍ക്ക് മാതൃകയായി മാറി. ജനാധിപത്യത്തിന്റെ ശക്തി നാം തെളിയിച്ചു. കോവിഡ് കാലത്തടക്കം രാജ്യം സ്വയം പര്യാപ്തത നേടി. സാങ്കേതിക രംഗത്തും വലിയ നേട്ടങ്ങള്‍ കൈവരിച്ചു. രാജ്യത്തിന്റെ സാമ്പത്തികരംഗവും മെച്ചപ്പെടുകയാണെന്നും ദ്രൗപദി മുര്‍മു പറഞ്ഞു.വെല്ലുവിളികളെ രാജ്യം വിജയകരമായി അതിജീവിക്കുന്നുവെന്നും അവര്‍ പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *