കോഴിക്കോട്: വിദേശകാര്യ, പാര്‍ലമെന്ററി കാര്യ സഹമന്ത്രി വി. മുരളീധരന് 13ന് ശനിയാഴ്ച 11.00 മണിക്ക് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റ് (NITC) സന്ദര്‍ശിക്കും. ഇന്‍സ്റ്റിറ്റ്യൂട്ട് ഡയരക്ടര്‍ ഡോ. പ്രസാദ് കൃഷ്ണ മന്ത്രിയെ സ്വീകരിക്കും. ഡയരക്ടറുടെ ഓഫിസിന് മുന്നില്‍ സ്ഥിതി ചെയ്യുന്ന സ്മൃതി വനത്തില്‍ വൃക്ഷത്തൈ നട്ടുകൊണ്ട് മന്ത്രി ക്യാമ്പസ് സന്ദര്‍ശനം ആരംഭിക്കും. തുടര്‍ന്ന് അദ്ദേഹം, പുതുതായി സ്ഥാപിച്ച മള്‍ട്ടി ഡിസിപ്ലിനറി സെന്ററുകളുടെ ഓഫിസ് സമുച്ചയത്തിന്റെ ഉദ്ഘാടനവും ഇന്റര്‍നാഷണല്‍ ഹാള്‍ ഓഫ് റെസിഡന്‍സിന് തറക്കല്ലിടുകയും ചെയ്യും. സ്കൂള്‍ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് ഓഡിറ്റോറിയത്തില്‍ ‘NEP 2020 ന്റെ വെളിച്ചത്തില്‍ ഉന്നതവിദ്യാഭ്യാസത്തിന്റെ അന്താരാഷ്ട്ര വല്‍ക്കരണം’ എന്ന വിഷയത്തെക്കുറിച്ചുള്ള അന്താരാഷ്ട്ര സെമിനാറും അദ്ദേഹം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. എം.കെ രാഘവന് എം.പി, പി.ടി.എ റഹീം എം.എല്‍.എ എന്നിവരും ചടങ്ങില്‍ പങ്കെടുക്കും. സെന്റര്‍ ഫോര്‍ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്‍ഡ് ഫോറിന് ലാംഗ്വേജസ് (സി.ഐ.ആര്.എഫ്.എല്‍) ആണ് അന്താരാഷ്ട്ര സെമിനാര്‍ സംഘടിപ്പിക്കുന്നത്. വിദ്യാഭ്യാ സഗവേഷണ മേഖലകളിലെ ദേശീയ അന്തര്‍ദേശീയ വിദഗ്ധര്‍ പ്രഭാഷണം നടത്തും.