മാഹി: മാഹിയില്‍ ജോലി ചെയ്ത് വിരമിച്ച പോലിസ് ഉദ്യോഗസ്ഥരുടെ സംഗമം നടത്തി. സിവില്‍ സ്റ്റേഷന് ഓഡിറ്റോറിയത്തില്‍ സി.ഐ. ഇന്‍ ചാര്‍ജ് റീന മേരി ഡേവിഡിന്റെ അധ്യക്ഷതയില്‍ പോലിസ് സൂപ്രണ്ട് രാജശങ്കര്‍ വെള്ളാട്ട ഉദ്ഘാടനവും സമ്മാനദാനവും നിര്‍വഹിച്ചു. പോലിസുകാര്‍ ജനസേവകരാണെന്ന ബോധം, വാക്കിലും പ്രവര്ത്തിയിലുമുണ്ടായാല് സര്‍വിസില്‍ നിന്ന് പിരിഞ്ഞാലും അവരെ സമൂഹം ഇരുകൈകളും നീട്ടി സ്വീകരിക്കുമെന്ന് എസ്.പി പറഞ്ഞു.
രാഷ്ട്രപതിയുടെ പോലിസ് മെഡല്‍ നേടിയ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി.കെ.അച്ചുതന്, മുഖ്യമന്ത്രിയുടെ മെഡല്‍ നേടിയ എ.എസ്.ഐ. ഭരതന്, സംസ്ഥാനത്തെ ആദ്യ വനിതാ വയര്‍ലെസ്സ് ഓപ്പറേറ്റര്‍ മഹിള, സംസ്ഥാന ഫുട്ബോള്‍ ടീം അംഗമായിരുന്ന ഷണ്മുഖം , ചിത്രകാരന്മാരായ കെ.പി.പ്രേമന്, അജിത് കുമാര്‍ അടക്കമുള്ള കാക്കിക്കുള്ളിലെ താരങ്ങളും അവരുടെ കുടുംബാംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു. പുതുച്ചേരിയിലെ കലുഷിതമായ ഹിന്ദി വിരുദ്ധ പ്രക്ഷോഭം, അടിയന്തിരാവസ്ഥയിലെ പ്രക്ഷുബ്ധമായ കാലഘട്ടം, കത്തിപ്പടര്‍ന്ന ലയന വിരുദ്ധ സമരം, 1980 കളിലെ മാഹിയിലെ രാഷ്ട്രീയ കൊലപാതക സംഘര്‍ഷങ്ങള്‍ തുടങ്ങിയ പ്രതിസന്ധി ഘട്ടങ്ങളില്‍ ‘സേവനമനുഷ്ഠിച്ചവര്‍ അവരുടെ അനുഭവങ്ങള്‍ പങ്കുവെച്ചു. റിട്ട. സി.ഐ വി.കെ.അച്ചുതന്, സ്പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ പി.പ്രദീപ്, സംസാരിച്ചു. പൊതു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ പെന്നാടയും, ഉപഹാരങ്ങളും നല്കി അനുമോദിച്ചു.