കോഴിക്കോട്: വി.പി സിങ്ങിന്റെ മന്ത്രിസഭാ കാലത്ത് എല്‍.കെ അദ്വാനിയുടെ കൂടെ സുര്‍ജിത്തും ഇ.എം.എസും ജ്യോതിബസുവുമാണ് ആര്‍.എസ്.എസിനെ അധികാരത്തിലേക്ക് എത്തിച്ചതെന്ന് സി.പി ജോണ്‍ പറഞ്ഞു. രണ്ട് സീറ്റിലേക്ക് രാജീവ്ഗാന്ധി ഒതുക്കിയ ബി.ജെ.പിക്ക് വളരാനവസരം ലഭിച്ചത് 1989ല്‍ ഉണ്ടാക്കിയ മുന്നണിയാണ്. ചാത്തുണ്ണി മാസ്റ്ററുടെ 33ാം ചരമവാര്‍ഷിക ദിന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വന്‍കിട കോര്‍പറേറ്റ് മുതലാളിമാര്‍ മെനഞ്ഞെടുക്കുന്നതാണ് വര്‍ഗീയത.ഇന്ത്യയില്‍ ഹിന്ദു ഉണരണം, പാക്കിസ്ഥാനില്‍ സുന്നികള്‍ ഉണരണം ശ്രീലങ്കയില്‍ ബുദ്ധിസ്റ്റുകള്‍ ഉണരണം, അമേരിക്കയില്‍ പ്രൊട്ടസ്റ്റന്റുകള്‍ ഉണരണം എന്നതെല്ലാം ഇതിനുദാഹരണങ്ങളാണ്. മോദി ഹിന്ദു പ്രേമിയായതുകൊണ്ട് പാവപ്പെട്ട ഹിന്ദുക്കള്‍ക്ക് എന്ത് ഗുണമാണ് കിട്ടിയത്. മോദിയും ബി.ജെ.പിയും കാണുന്നതിനപ്പുറമാണ് ഇന്ത്യയെന്ന സങ്കല്‍പ്പമെന്ന് അവര്‍ക്ക് തിരിച്ചറിയേണ്ടിവരുമെന്നും കേരളം കണ്ട നവ ചിന്താ കമ്മ്യൂണിസ്റ്റായിരുന്നു ചാത്തുണ്ണി മാസ്റ്ററെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജി.നാരായണന്‍കുട്ടി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സി.എന്‍ വിജയകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. ചൂരായി ചന്ദ്രന്‍ മാസ്റ്റര്‍, അഷ്‌റഫ് മണക്കടവ്, അഷ്‌റഫ് കായക്കല്‍ ഫോര്‍വേഡ് ബ്ലോക്ക് , എന്‍.പി അബ്ദുള്‍ ഹമീദ് പ്രസംഗിച്ചു. ചാലില്‍ മൊയ്തീന്‍കോയ നന്ദി പറഞ്ഞു.