-
രവി കൊമ്മേരി
യു.എ.ഇ: തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് യു.എ.ഇയിലെ സ്ഥാപനങ്ങള്‍ ജീവനക്കാര്‍ക്കായി ബാങ്ക് ഗാരന്റിയോ ഇന്‍ഷുറന്‍സോ തിരഞ്ഞെടുക്കണമെന്ന് നിര്‍ദേശം. യു.എ.ഇ തൊഴില്‍ മന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. കമ്പനികളുടെ സൗകര്യത്തിനനുസരിച്ച് ബാങ്ക് ഗാരന്റിയോ ഇന്‍ഷുറന്‍സോ തിരഞ്ഞെടുക്കാം. ജീവനക്കാരുടെ പരിരക്ഷ ഉറപ്പാക്കാന്‍ കമ്പനികളുടെ പ്രവര്‍ത്തന സൗകര്യത്തിന് അനുസരിച്ചാണ് ഓരോ ജീവനക്കാരനും ബാങ്ക് ഗാരന്റിയോ ഇന്‍ഷുറന്‍സോ തിരഞ്ഞെടുക്കേണ്ടതെന്ന് തൊഴില്‍മന്ത്രി ഡോ. അബ്ദുറഹ്‌മാന്‍ അബ്ദുല്‍ മന്നാന്‍ അല്‍ അവാര്‍ പറഞ്ഞു. ബാങ്ക് ഗാരന്റിയാണ് നല്‍കുന്നതെങ്കില്‍ ഓരോ ജീവനക്കാരനും എല്ലാ വര്‍ഷവും പുതുക്കാന്‍ കഴിയുന്നവിധം 3000 ദിര്‍ഹമാണ് ഗ്യാരണ്ടിയായി കെട്ടിവെക്കേണ്ടത്. ഇത് തൊഴില്‍ കരാര്‍ റദ്ദാക്കുമ്പോഴോ ജീവനക്കാരന്‍ രാജ്യം വിടുമ്പോഴോ മരിക്കുമ്പോഴോ തിരിച്ചെടുക്കാം.
ജീവനക്കാരന്‍ ജോലി മാറിയാലും ഇത് തിരികെ ക്ലെയിം ചെയ്യാം. ഇന്‍ഷുറന്‍സാണ് ലഭ്യമാക്കുന്നതെങ്കില്‍ 30 മാസത്തേക്ക് വിദഗ്ധ തൊഴിലാളിക്ക് 137 ദിര്‍ഹം 50 ഫില്‍സ് എന്ന നിരക്കിലും അവിദഗ്ധ തൊഴിലാളികള്‍ക്ക് 180 ദിര്‍ഹം എന്ന നിരക്കിലുമാണ് പോളിസി എടുക്കേണ്ടത്. വേതന സംരക്ഷണ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യാത്തതും അപകടസാധ്യത കൂടുതലുള്ള മേഖലയില്‍ ജോലിയെടുക്കുന്നവര്‍ക്കും 250 ദിര്‍ഹമിന്റെ പോളിസിയെടുക്കണം. 20,000 ദിര്‍ഹം വരെയുള്ള ഇന്‍ഷുറന്‍സ് കവറേജ് ഉറപ്പാക്കണം. തൊഴിലാളിയുടെ 120 ദിവസത്തെ ശമ്പളം, ഗ്രാറ്റ്വിറ്റി, തിരികെ യാത്ര, മരണം സംഭവിച്ചാല്‍ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ് ഉള്‍പ്പെടുന്നതായിരിക്കണം ഇന്‍ഷുറന്‍സെന്നും മന്ത്രാലയം വ്യക്തമാക്കി.