‘ബീഹാര്‍’ ബി.ജെ.പിയുടെ നെഞ്ചത്തേറ്റ അടി: അഡ്വ.പി.എം സുരേഷ്ബാബു

‘ബീഹാര്‍’ ബി.ജെ.പിയുടെ നെഞ്ചത്തേറ്റ അടി: അഡ്വ.പി.എം സുരേഷ്ബാബു

കോഴിക്കോട്: രാജ്യം എക്കാലവും അടക്കി വാഴാമെന്ന ബി.ജെ.പിയുടെ ധാര്‍ഷ്ട്യത്തിനേറ്റ അടിയാണ് ബീഹാറില്‍നിന്ന് കിട്ടിയതെന്ന് എന്‍.സി.പി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.പി.എം സുരേഷ്ബാബു പറഞ്ഞു. മഹാരാഷ്ട്രയിലും ആസാമിലും മറ്റിടങ്ങളിലും ബി.ജെ.പി നടത്തിക്കൊണ്ടിരിക്കുന്ന കുത്സിത രാഷ്ട്രീയത്തെ ചെറുക്കാന്‍ ശക്തമായ ചെറുത്തുനില്‍പ്പ് രാജ്യത്ത് ഉയര്‍ന്നുവരികയാണ്. ഇന്‍കംടാക്‌സ് ഓഫിസിന് മുന്‍പില്‍ വിലക്കയറ്റവും ജി.എസ്.ടി വര്‍ധനവും ഉള്‍പ്പെടെയുള്ള കേന്ദ്രത്തിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ നടന്ന പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാവങ്ങളുടെ സങ്കടങ്ങള്‍ കേള്‍ക്കാന്‍ തയാറാവത്തവരാണ് ഇന്ത്യ ഭരിക്കുന്നത്. രാജ്യം കടക്കെണിയിലാണ്. പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റു തുലക്കുന്നു. രാജ്യത്തിന്റെ ഭൂമികയില്‍ ബി.ജെ.പിക്ക് കടന്ന് കയറാന്‍ പറ്റാത്ത ഇടമാണ് കേരളം. പണചാക്ക് കണ്ടാല്‍ വീഴുന്നവരല്ല കേരളത്തിലെ പൊതുപ്രവര്‍ത്തകര്‍. മോദി സര്‍ക്കാരിന്റെ വര്‍ഗീയ-ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ പോരാട്ടം ശക്തിപ്പെടുത്തണമെന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടി.വി ബാലന്‍ അധ്യക്ഷത വഹിച്ചു. ജോര്‍ജ് എം.തോമസ്, മുക്കം മുഹമ്മദ്, കെ.ലോഹ്യ, സാലി കൂടത്തായ്, ബാബുഗോപിനാഥ്, ടി.കെ രാജന്‍ മാസ്റ്റര്‍, സി.കെ അബ്ദുള്‍ റഹ്മാന്‍, ഒ.പി അബ്ദുള്‍ റഹ്മാന്‍, മാമ്പറ്റ ശ്രീധരന്‍ പ്രസംഗിച്ചു. പ്രകടനത്തിന് സി.പി മുസഫര്‍ അഹമ്മദ്, കെ.ദാമോദരന്‍, എന്‍.സി മോയിന്‍കുട്ടി, പി.ടി ആസാദ്, പി.ആര്‍ സുനില്‍ സിങ്, എം.നാരായണന്‍ നേതൃത്വം നല്‍കി.

Share

Leave a Reply

Your email address will not be published. Required fields are marked *