ന്യൂഡല്‍ഹി: ഭീമകൊറേഗാവ് കേസില്‍ ജയിലിലായിരുന്ന പി. വരവരറാവുവിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ആരോഗ്യകരമായ കാര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ജാമ്യം അനുവദിച്ചത്.
വിചാരണ കോടതിയുടെ പരിധി വിട്ടു പോകരുതെന്ന വ്യവസ്ഥയോടെയാണ് നടപടി. ജസ്റ്റിസ് യു.യു ലളിത്, അനിരുദ്ധ ബോസ്, ശുദാന്‍ഷു ദൂലിയ
എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്. കോടതിയുടെ പരിധി വിട്ടുപോകണമെങ്കില്‍ മുന്‍കൂര്‍ അനുമതി വാങ്ങണമെന്നും കോടതി നിര്‍ദേശിച്ചു. സ്ഥിരം ജാമ്യമാണ് അനുവദിച്ചിരിക്കുന്നത്. എന്നാല്‍, ജാമ്യം ദുരുപയോഗം ചെയ്യരുതെന്നും സാക്ഷികളുമായി ബന്ധപ്പെടരുതെന്നുമാണ് കോടതി നിര്‍ദേശം.
ആരോഗ്യാവസ്ഥ പരിഗണിച്ച് സ്ഥിരം ജാമ്യം വേണമെന്നും സ്വന്തം വീട്ടില്‍ കഴിയാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹൈക്കോടതി ആവശ്യം നിരാകരിച്ചു. തുടര്‍ന്നാണ് വരവരറാവും സുപ്രീം കോടതിയെ സമീപിച്ചത്. ആരോഗ്യാവസ്ഥയ്ക്കും പ്രായത്തിനും പുറമേ റാവു രണ്ടരവര്‍ഷം തടവില്‍ കഴിഞ്ഞ കാലവും കൂടി പരിഗണിച്ചാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. റാവുവിന് താന്‍ ആഗ്രഹിക്കുന്ന ഏത് ചികിത്സയും നടത്താം. എന്നാല്‍, ഇക്കാര്യം കേസിലെ അന്വേഷണ ഏജന്‍സിയായ എന്‍.ഐ.എയെ അറിയിക്കണം. വരവരറാവുവിന്റെ ജാമ്യം മറ്റ് കുറ്റവാളികളുടെ കേസിനെ ബാധിക്കരുതെന്നും സുപ്രീം കോടതി വ്യക്തമാക്കി.