മാഹി: ബിഹാറില്‍ നിതീഷ് കുമാര്‍ രാജിവച്ച് പുറത്തുപോയതുപോലെ പുതുച്ചേരി മുഖ്യമന്ത്രി രംഗസാമിയും രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് ആര്‍.ശിവ പത്രസമ്മേളനത്തില്‍ പറഞ്ഞു. അഞ്ചു മാസം മുമ്പേ നടത്തേണ്ട ബജറ്റ് കാലതാമസം വരുത്തിയതിനെതിരേയും ഫുള്‍ ബജറ്റ് അവതരിപ്പിക്കാന്‍ കഴിയാതിരുന്നതിനെതിരേയും പ്രതിപക്ഷ എം.എല്‍.എമാര്‍ കറുപ്പ് വസ്ത്രം ധരിച്ചാണ് നിയമസഭയില്‍ എത്തിയത്. ലഫ്.ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം പ്രതിപക്ഷം ബഹിഷ്‌കരിച്ചു. സംസ്ഥാനത്ത് ഇതുവരെ ഒരു വളര്‍ച്ചയുമില്ലായെന്നും ബെസ്റ്റ് പുതുച്ചേരി പ്രഖ്യാപനം ഇതുവരെ നടത്തിയില്ലായെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ഇതുവരെ ഇടക്കാല ബജറ്റ് മാത്രമാണ് പുതുച്ചേരിക്കായി അനുവദിച്ചത്. കേന്ദ്രസര്‍ക്കാരില്‍ നിന്ന് പുതുച്ചേരിക്ക് അനുവദിച്ചിരുന്ന ഫണ്ട് ഇപ്പോള്‍തന്നെ അനുവദിക്കാതെയായി പല വ്യവസായങ്ങളും അടച്ചുപൂട്ടി, തൊഴില്‍ നഷ്ടം സംഭവിക്കുന്നു. ഇതിനകം രാജ്ഭവന്‍ ഒരു രാഷ്ട്രീയ സ്ഥലമായി മാറിയെന്നും ലഫ്.ഗവര്‍ണറാണ് ഒരു സമാന്തര സര്‍ക്കാരായി ഭരണം നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.