പാലക്കാട്: ലോകത്തെ ഏറ്റവും വലിയ മതേതര ജനാധിപത്യ പരമാധികാര രാഷ്ട്രമായ ഇന്ത്യ ഇന്ന് ചരിത്രത്തിലെ ഏറ്റവും ആപല്‍ക്കരമായ സാമൂഹ്യ-സാമ്പത്തിക-രാഷ്ട്രീയ പ്രതിസന്ധിയിലൂടെ നീങ്ങുകയാണെന്ന് കടന്നപ്പള്ളി രാമചന്ദ്രന് എം.എല്‍.എ. ക്വിറ്റ് ഇന്ത്യാ ദിനാചരണത്തിന്റെ ഭാഗമായി ‘രാജ്യരക്ഷാ യുവജ്യോതി’യെന്ന പേരില്‍ യൂത്ത് കോണ്‍ഗ്രസ് -എസ് സംസ്ഥാന കമ്മിറ്റി കോട്ടമൈതാനിയില്‍ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശാഭിമാനത്തിന്റെ സമുജ്വല പ്രതീകമായ ദേശീയപതാക ഭരണഘടനാപരമായി നിര്‍ണയിച്ച നിബന്ധനകള്‍ കാറ്റില്‍ പറത്തി ഏത് തുണിയിലും ദേശീയ പതാക ഉണ്ടാക്കാമെന്നും വിദേശ രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന തുണിയില്‍ നിര്‍മിക്കാമെന്നും രാത്രിയും പകലും വകഭേദമില്ലാതെ ദേശീയ പതാക ഉപയോഗിക്കാമെന്ന് കേന്ദ്ര ഭരണാധികാരികള്‍ തീരുമാനിച്ചത് ദേശാഭിമാനികളെ വേദനിപ്പിക്കുന്ന തീരുമാനമായി മാത്രമേ കാണാന്‍ കഴിയൂ.
ചരിത്രത്തിന്റെ ഭാഗമായ അശോകസ്തംഭ രൂപകല്പനയും വികൃതമാക്കി തുടങ്ങി. ദേശീയ നേതാക്കളേയും ചരിത്രത്തെയും വികൃതമാക്കുന്നത് വിനോദ പരിപാടിയാക്കി മാറ്റുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്. വര്‍ഗ്ഗീയവല്‍ക്കരണ പരിപാടികളല്ലാതെ മറ്റൊന്നും രാജ്യത്ത് നടക്കുന്നില്ല.ജനജീവിതം ദുസ്സഹമായി വരികയാണ്. ഈ സാഹചര്യത്തില്‍ രാജ്യത്തെ രക്ഷിക്കാന്‍ രണ്ടാം സ്വാതന്ത്ര്യ സമരത്തിന് സമയമായിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് -എസ് സംസ്ഥാന വ്യാപകമായി ആഗസ്റ്റ് ഒമ്പത് മുതല്‍ 15 വരെ നടത്തുന്ന ദേശീയ പുനരര്‍പ്പണ ദിനാചരണ പരിപാടിയുടേയും ഉദ്ഘാടനം അദ്ദേഹം നിര്‍വഹിച്ചു. യൂത്ത് കോണ്‍ഗ്രസ്-എസ് സംസ്ഥാന പ്രസിഡന്റ് സന്തോഷ് കാല അധ്യക്ഷത വഹിച്ചു.
ജില്ലാ പ്രസിഡന്റ് സുനില്‍ പി.തെക്കേതില്‍, അഡ്വ.വി.കെ ഹരിദാസ് , യുത്ത് കോണ്‍ഗ്രസ് – എസ് സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എന്‍.സി.ടി ഗോപീകൃഷ്ണന്, പോള്‍സണ്‍ പീറ്റര്‍, ഷെമീര്‍ അഞ്ചലിപ്പ, മുഹമ്മദ് റാഫീക്ക് പാറപ്പുറത്ത്, സിം ജോണ്സണ്, കാജാ ഹുസൈന്, റെനീഷ് മാത്യു, എ.രാജന്, ആര്.ശിവപ്രകാശ്, അഷറഫ് പിലാത്തറ, കെ.പി.ദിലീപ്, വി.വി.സന്തോഷ് ലാല്‍, സുനില്‍ റാന്നി, എ.എസ്.അമല്‍ എന്നിവര്‍ സംസാരിച്ചു.