സ്ത്രീസ്വാതന്ത്ര്യവും സമത്വവും നേടാന്‍ സ്ത്രീകള്‍ക്കാദ്യം വേണ്ടത് തൊഴിലും സുസ്ഥിര വരുമാനവും: മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍

സ്ത്രീസ്വാതന്ത്ര്യവും സമത്വവും നേടാന്‍ സ്ത്രീകള്‍ക്കാദ്യം വേണ്ടത് തൊഴിലും സുസ്ഥിര വരുമാനവും: മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍

തിരുവനന്തപുരം: സ്ത്രീസ്വാതന്ത്ര്യവും സമത്വവും നേടാന്‍ സ്ത്രീകള്‍ക്കാദ്യം വേണ്ടത് തൊഴിലും സുസ്ഥിര വരുമാനവുമാണെന്ന് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍. കേരളത്തിലെ 1070 സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാര്‍ക്കായി ഗാന്ധിപുരം മരിയാ റാണി ട്രെയിനിങ്ങ് സെന്ററില്‍ സംഘടിപ്പിക്കുന്ന റസിഡന്‍ഷ്യല്‍ പരിശീലനം ‘ചുവട് 2022’ തേര്‍ഡ് ബാച്ചിനു വേണ്ടിയുള്ള സംസ്ഥാനതല പരിശീലനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്ത്രീശാക്തീകരണവും സ്ത്രീപുരുഷ സമത്വവും ധരിക്കുന്ന വേഷത്തില്‍ അല്ല. നമുക്കാവശ്യം സ്ത്രീ- പുരുഷ തുല്യതയാണ്. അതിന് ജനാധിപത്യം പ്രാവര്‍ത്തികമാക്കാന്‍ കഴിയണം. സമത്വത്തിലേക്ക് എത്തണമെങ്കില്‍ സ്ത്രീക്ക് വേണ്ടത് തൊഴിലും വരുമാനവുമാണ്. ഈ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് സി.ഡി.എസ് അധ്യക്ഷമാര്‍ പ്രവര്‍ത്തനങ്ങള്‍ വിഭാവനം ചെയ്യേണ്ടത്. തദ്ദേശ സ്ഥാപനങ്ങളുമായി ചേര്‍ന്നു നിന്നു കൊണ്ട് പ്രാദേശിക തനിമയുള്ള സംരംഭങ്ങള്‍ ആരംഭിക്കുന്നതിനാവശ്യമായ സഹായങ്ങള്‍ സ്ത്രീകള്‍ക്ക് ലഭ്യമാക്കണം.

ഈ ഉല്‍പന്നങ്ങള്‍ക്ക് മികച്ച മാര്‍ക്കറ്റിങ്ങ് പിന്തുണയോടെ ആഗോള വിപണിയിലടക്കം സ്വീകാര്യത നേടാനായിരിക്കണം ഇനിയുള്ള ശ്രമങ്ങള്‍. ഓക്‌സിലറി ഗ്രൂപ്പുകള്‍ക്ക് സബ്‌സിഡി നല്‍കിക്കൊണ്ട് തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിനാവശ്യമായ സഹായങ്ങള്‍ നല്‍കുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് പറഞ്ഞ മന്ത്രി പുതുതായി പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്ന സി.ഡി.എസ് അധ്യക്ഷമാര്‍ക്ക് വിജയാശംസകള്‍ നേര്‍ന്നു.

ഏഴ് ബാച്ചുകളിലായാണ് പരിശീലനം സംഘടിപ്പിക്കുന്നത്. ഓരോ ബാച്ചിലും 150 പേര്‍ വീതമാണുണ്ടാവുക. ഇവരില്‍ എല്ലാ ജില്ലകളില്‍ നിന്നുള്ള സി.ഡി.എസ് അധ്യക്ഷമാര്‍ ഉള്‍പ്പെടും. ഇവരുടെ ദൈനംദിന ചുമതലകളിലും ഭരണനിര്‍വഹണത്തിലും എപ്രകാരം ഇടപെടണമെന്നും പ്രവര്‍ത്തിക്കണമെന്നുമുള്ള ലക്ഷ്യബോധം സൃഷ്ടിക്കുകയാണ് പരിശീലന പരിപാടിയുടെ ലക്ഷ്യം. നാലാം ബാച്ചിന്റെ പരിശീലനം 18ന് ആരംഭിക്കും. കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ നിഷാദ് സ്വാഗതവും കരകുളം സി.ഡി.എസ് അധ്യക്ഷ സുകുമാരി നന്ദിയും പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *