ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍. കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. മഹാരാഷ്ട്ര, കേരളം, കര്‍ണാടക, ഡല്‍ഹി, ഒഡീഷ, തമിഴ്‌നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്ര ആരോഗ്യവകുപ്പ് സെക്രട്ടറി രാജേഷ് ഭൂഷണ്‍ അയയ്ച്ച കത്തിലെ നിര്‍ദേശം.
പൊതുയിടങ്ങളില്‍ മാസ്‌ക് ധരിക്കുന്നതും വാക്‌സിനേഷന്‍ വര്‍ധിപ്പിക്കുന്നതും അടക്കമുള്ള നടപടികള്‍ ശക്തമാക്കാനാണ് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വരാനിരിക്കുന്ന ഉത്സവങ്ങളും ബഹുജന സഭകളും കൊവിഡ് ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ വ്യാപാകമാകാന്‍ ഇടയാക്കും. അതിനാല്‍ സംസ്ഥാനങ്ങളില്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് സംസ്ഥാനങ്ങള്‍ സൂക്ഷമമായി നിരീക്ഷണമെന്നും തുടര്‍നടപടികള്‍ കൈകൊള്ളണമെന്നുമാണ് കത്തില്‍ കേന്ദ്രനിര്‍ദേശം.