കോഴിക്കോട്: ജീവിതശൈലിയിലുണ്ടായ മാറ്റങ്ങളിലൂടെയും മറ്റും ഹൃദ്രോഗം വര്‍ധിച്ചുവരുന്ന ഇക്കാലത്ത് ഡോ.കുഞ്ഞാലിയുടെ വ്യത്യസ്ത ചികിത്സാരീതി രോഗികള്‍ക്ക് രക്ഷാകവചമാണെന്ന് തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ പറഞ്ഞു. പരമാവധി ശസ്ത്രക്രിയ ഒഴിവാക്കി മരുന്ന് ആവശ്യത്തിന് നല്‍കി ജീവിതശൈലിയില്‍ മാറ്റം നിര്‍ദേശിച്ച് അദ്ദേഹം നടപ്പാക്കുന്ന ചികിത്സാരീതി ഫലപ്രദമാണെന്ന് ഇതിനകം തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ഡോക്ടര്‍ രോഗികളെ ബന്ധുവായി കാണണമെന്ന സങ്കല്‍പ്പം അര്‍ഥവത്താക്കുന്ന ചികിത്സാരീതിയാണ് അദ്ദേഹത്തിന്റേത്. ക്രമം തെറ്റിച്ചുള്ള ഭക്ഷണം, അമിത ഭക്ഷണം, വ്യായാമമില്ലായ്മ എന്നിവയെല്ലാം രോഗഹേതുവായി മാറുകയാണ്. ജനങ്ങളുടെ ആരോഗ്യ സംരക്ഷണ ഉത്തരവാദിത്വം ഡോക്ടര്‍മാര്‍ക്ക് മാത്രമല്ല, എല്ലാവര്‍ക്കുമുണ്ടെന്നും ആരോഗ്യമുള്ള ജനതയാണ് ഏറ്റവും വലിയ സമ്പത്തെന്നും തന്റെ കര്‍ത്തവ്യം നന്നായി നിര്‍വഹിച്ചുവെന്ന സംതൃപ്തി ഡോ.കുഞ്ഞാലിക്കുണ്ടന്നും അമ്പത് വര്‍ഷക്കാലം കോഴിക്കോട് നഗരത്തില്‍ ആതുരശുശ്രൂഷ നിര്‍വഹിച്ച ഡോക്ടറുടെ സേവനം സമൂഹം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പി.കെ. കുഞ്ഞാലിക്കുട്ടി എം.എല്‍.എ പരിപാടി ഉദ്ഘാടനം ചെയ്തു. ഡോ.കെ മൊയ്തു (സ്വാഗത സംഘം ചെയര്‍മാന്‍) ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ ഉപഹാര സമര്‍പ്പണം നടത്തി. എ.കെ.എം അഷ്‌റഫ് എം.എല്‍.എ പൊന്നാടയണിയിച്ചു. ഡോ.പി.കെ അശോകന്‍ (ചീഫ് കാര്‍ഡിയോളജിസ്റ്റ്, ഫാത്തിമ ഹോസ്പിറ്റല്‍, കോഴിക്കോട്) മുഖ്യാതിഥിയായി. എം.വി റംസി ഇസ്മായില്‍ (പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍) പരിചയപ്പെടുത്തി. ഡോ.കെ.കുഞ്ഞാലിക്ക് ആശംസകള്‍ നേര്‍ന്ന് ആതിഥേയ സംഘത്തിന്റെ അംഗങ്ങള്‍ പൊന്നാട അണിയിച്ചു. ഡോ.കെ.കുഞ്ഞാലി മറുപടി പ്രസംഗം നടത്തി. ആര്‍.ജയന്ത്കുമാര്‍ (സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍) സ്വാഗതവും പി. ഇസ്മായില്‍ (സ്വാഗതസംഘം കണ്‍വീനര്‍) നന്ദിയും പറഞ്ഞു.