അപ്പനായരുടെ മരണത്തില്‍ അനുശോചനം

കോഴിക്കോട്: സ്വാതന്ത്ര്യസമര സേനാനിയും മദ്യനിരോധന സമരങ്ങളിലെ ധീരപോരാളിയുമായിരുന്ന കെ.അപ്പനായരുടെ നിര്യാണത്തില്‍ മദ്യനിരോധന സമിതി സംസ്ഥാന എക്‌സി. യോഗം അനുശോചിച്ചു. പഞ്ചായത്തുകള്‍ക്കുണ്ടായിരുന്ന മദ്യനിരോധനാധികാരം പുനഃസ്ഥാപിച്ചു കിട്ടുന്നതിനായി സമിതി 953 ദിവസം മലപ്പുറം കലക്ടറേറ്റിന് മുന്നിലും പിന്നീട് 114 ദിവസം തിരുവനന്തപുരം സെകട്ടേറിയറ്റിന് മുന്നിലും അഞ്ച് മാസം താമരശ്ശേരി കാരാടി ബാറിനെതിരേയും നടന്ന സമരങ്ങളിലും ആദ്യവസാനം പങ്കെടുത്ത വ്യക്തിയാണ് അപ്പനായര്‍. 2002ല്‍ സമിതി കാസര്‍ഗോഡ് നിന്നും തിരുവനന്തപുരത്തേക്ക് നടത്തിയ ദീര്‍ഘദൂര പദയാത്രയിലും അദ്ദേഹം മുഴുവന്‍ ദിവസങ്ങളിലും ഉണ്ടായിരുന്നു. ഏത് അസൗകര്യവും സന്തോഷത്തോടെ സഹിച്ച് സമര്‍പ്പിത മനസ്സോടെ മദ്യനിരോധന പ്രവര്‍ത്തനം നടത്തിയിരുന്ന ഒരു ഗാന്ധി അനുയായി ആയിരുന്നു. പരിചിതരെല്ലാം അപ്പേട്ടന്‍ എന്ന് സ്‌നേഹത്തോടെ വിളിച്ചിരുന്ന അപ്പനായര്‍. 40 ദിവസം നീണ്ടുനിന്ന മാറാട് സമാധാന സത്യാഗ്രഹത്തിലും മുഖ്യപങ്കാളിയായിരുന്നു അദ്ദേഹം.
മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡന്റ് ആചാര്യ ഇയ്യച്ചേരി അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി ഡോ. വിന്‍സെന്റ് മാളിയേക്കല്‍ ഇടുക്കി, ഖദീജ നര്‍ഗീസ് മലപ്പുറം, ടി. ചന്ദ്രന്‍ കണ്ണൂര്‍, ശശി വയനാട്, ഇയ്യച്ചേരി പത്മിനി, ബി.ആര്‍ കൈമള്‍ കരുമാടി ആലപ്പുഴ, ഫാ.മാത്യൂസ് വട്ടിയാനിക്കല്‍ നിലമ്പൂര്‍, പപ്പന്‍ കന്നാട്ടി, ആന്റണി പന്തല്ലൂക്കാരന്‍ തൃശൂര്‍, ഈപ്പന്‍ കരിയാറ്റില്‍, മുഹമ്മദ് ഫസല്‍, സില്‍ബി ചുനയംമാക്കല്‍ എന്നിവര്‍ അപ്പേട്ടനെ അനുസ്മരിച്ചു.
തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ വിസ്മരിച്ചും നാടിനെ വെല്ലുവിളിച്ചും സര്‍ക്കാര്‍ തുടരുന്ന മദ്യവ്യാപനം ഭരണകൂട ഭീകരതയാണെന്ന് യോഗം ആരോപിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *