സഹകരണ ബാങ്കിംങ് ചരിത്രം പുതുതലമുറക്ക് മാര്‍ഗ്ഗ ദര്‍ശകമാവണം – മന്ത്രി ടി.പി.രാമകൃഷ്ണന്‍.

കോഴിക്കോട് : സഹകരണ ബാങ്കുകളുടെ പിന്നിട്ട വഴികളും അനുഭവങ്ങളും മുന്നേറ്റങ്ങളും പുതു തലമുറക്കും സഹകാരികള്‍ക്കും മാര്‍ഗ്ഗ ദര്‍ശകമാവണമെന്ന്  തൊഴില്‍ എക്‌സൈസ് വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു.  കേരള ബാങ്കില്‍ ലയിച്ച കോഴിക്കോട് ജില്ലാ സഹകരണ ബാങ്കിന്റെ 102 വര്‍ഷത്തെ ചരിത്രം അടയാളപ്പെടുത്തുന്ന സ്മരണികയുടെ പ്രകാശന കര്‍മ്മം നിര്‍വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു  അദ്ദേഹം.

മലബാറിന്റെ, വിശിഷ്യാ കോഴിക്കോട് ജില്ലയുടെ സമഗ്ര  വികസനത്തിന് ജില്ലാ ബാങ്ക് നല്‍കിയ സംഭാവന വളരെ വലുതായിരുന്നുവെന്നും  മന്ത്രി ടി.പി. കൂട്ടിച്ചേര്‍ത്തു.

കോവിഡ് നിബന്ധനകള്‍ പാലിച്ച് കൊയിലാണ്ടി മുനിസിപ്പല്‍ ഓഫീസിനു മുന്‍പില്‍ നടന്ന  പ്രകാശന ചടങ്ങില്‍ കെ.ദാസന്‍ എം എല്‍ എ സ്മരണിക മന്ത്രിയില്‍ നിന്നും  ഏറ്റു വാങ്ങി. കൊയിലാണ്ടി മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ .കെ.സത്യന്‍, കേരള ബാങ്ക് കോഴിക്കോട് മേഖലാ ജനറല്‍ മാനേജര്‍ കെ.പി.അജയകുമാര്‍, കേരള ബാങ്ക് സീനിയര്‍ മാനേജറും സ്മരണികയുടെ എഡിറ്ററുമായ സുനില്‍ കെ.ഫൈസല്‍, റിട്ട .സീനിയര്‍ മാനേജര്‍ എം.എം.അജയന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

മദ്രാസ് സംസ്ഥാനത്തിനു കീഴില്‍ 1917 ഡിസംബര്‍ 3 ന് മലബാര്‍ ജില്ലാ സഹകരണ ബാങ്കായി പിറവിയെടുത്ത ബാങ്ക്  24 .05 .1958 ന്  മലബാര്‍  കോ ഓപ്പറേറ്റീവ് സെന്‍ട്രല്‍ ബാങ്കായി പുനര്‍ നാമകരണം ചെയ്യപ്പെട്ടു . സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം 03 .05 .1985 ന്  കോഴിക്കോട് ജില്ലാ ബാങ്കായി പുതിയ പേര് സ്വീകരിക്കുകയുണ്ടായി. കേരള ബാങ്ക് രൂപീകരണത്തെ തുടർന്ന്  29.11.2019 നാണ് കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക് കേരള സംസ്ഥാന സഹകരണ ബാങ്കില്‍ ലയിച്ചത്.

ബാങ്കിന്റെ 102 വര്‍ഷത്തെ പ്രവര്‍ത്തന ചരിത്രം അടയാളപ്പെടുത്തിയ വിബ്ജിയോര്‍ എന്ന മുഖപ്പേരുള്ള സ്മരണിക ജില്ലയിലെ പ്രാഥമിക സഹകരണ ബാങ്കുകള്‍ക്കും, ബാങ്ക് ജീവനക്കാര്‍ക്കും, മുന്‍ കാല ജീവനക്കാര്‍ക്കും , യൂണിവേഴ്‌സിറ്റി, സഹകരണ പരിശീലന കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രധാന ലൈബ്രറികള്‍ക്കും ലഭ്യമാവുന്നതാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *