നഞ്ചിയമ്മയോടുള്ള അസഹിഷ്ണുത മാനവികത നേരിടുന്ന വെല്ലുവിളി: ഗിരീഷ് ആമ്പ്ര

നഞ്ചിയമ്മയോടുള്ള അസഹിഷ്ണുത മാനവികത നേരിടുന്ന വെല്ലുവിളി: ഗിരീഷ് ആമ്പ്ര

കോഴിക്കോട്: ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവും ഗോത്ര ഗായികയുമായ നഞ്ചിയമ്മയോട് പ്രകടിപ്പിക്കുന്ന അസഹിഷ്ണുത കലാരംഗത്തെ മാനവികമൂല്യത്തിനെതിരായുള്ള വെല്ലുവിളിയാണെന്ന് പ്രമുഖ ഫോക്ലോറിസ്റ്റും കവിയും ആക്ടിവിസ്റ്റുമായ ഗിരീഷ് ആമ്പ്ര. നാട്ടുകലാകാരക്കൂട്ടം കോഴിക്കോട് ജില്ലാകമ്മിറ്റി സംഘടിപ്പിച്ച ‘നഞ്ചിയമ്മക്ക് ഐക്യദാര്‍ഢ്യം’ പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകത്തിലെ സകലകലകളുടേയും ഉറവിടം ആദിമകലകളിലും ആദിമ സംസ്‌കാരത്തിലുമധിഷ്ഠിതമാണ്. മണ്ണും മരവും കാറ്റും പുഴയും സഹജീവികളും കഥാപാത്രങ്ങളാകുന്ന നഞ്ചിയമ്മയുടെ പാട്ട് മാനവികതയും പാരസ്പര്യവും ഊട്ടിയുറപ്പിക്കുന്ന നേരിന്റെ സംഗീതമാണ്.ചന്ദനമരവും വേങ്കാമരവും വെട്ടിമുറിച്ചു വിറ്റു തടിച്ചു കൊഴുക്കുന്നവര്‍ക്കും മറ്റും ഗോത്രഗാനവും നിലപാടുകളും രുചിക്കണമെന്നില്ല. ‘മണ്ണേ നന്‍പീലേലയ്യാ മരമിരുക്ക് ‘ എന്നു തുടങ്ങുന്ന കാട്ടുപാട്ട് പാലക്കാട് ജില്ലയിലെ ഇരുള ഗോത്രസമൂഹം ‘ ലോകത്തിന് സംഭാവന നല്‍കിയ മികച്ച വാമൊഴി പരിസ്ഥിതിഗാനമാണെന്നും ഗിരീഷ് ആമ്പ്ര കൂട്ടിചേര്‍ത്തു.

നാട്ടുകലാകാരക്കൂട്ടം സംസ്ഥാനവൈസ് പ്രസിഡന്റ് രജനി പി.ടി പരിപാടി ഉദ്ഘാടനം ചെയ്തു.
നാട്ടുകലാകാരക്കൂട്ടം കോഴിക്കോട് ജില്ലാ പ്രസിഡന്റ് റീജു ആവള ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
കേരള ഫോക്ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവും നാട്ടുകലാകാരക്കൂട്ടം ജില്ലാകമ്മിറ്റി അംഗവുമായ ചേളന്നൂര്‍ പ്രേമന്‍, ഫോക്ലോര്‍ അക്കാദമി ആദരവ് ജേതാവ് കോട്ടക്കല്‍ ഭാസ്‌കരന്‍, അരങ്ങ് കൊയിലാണ്ടി ഡയരക്ടര്‍ സജീവന്‍ കൊയിലാണ്ടി, ബിജേഷ് ബി.ജെ കാക്കൂര്‍, മണികണ്ഠന്‍ തവനൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. നാട്ടു കലാകാരക്കൂട്ടം കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി അതുല്യ കിരണ്‍ സ്വാഗതവും ട്രഷറര്‍ രമേശ് ഡി. വെണ്മയത്ത് നന്ദിയും പറഞ്ഞു. തുടര്‍ന്ന് നാട്ടുവാദ്യങ്ങളുടെ അകമ്പടിയോടെ ഗോത്രഗാനങ്ങളും നാട്ടുപാട്ടുകളും അരങ്ങേറി.

 

Share

Leave a Reply

Your email address will not be published. Required fields are marked *