തട്ടോളിക്കര കൃഷ്ണന്‍ മാസ്റ്റര്‍; നാലാം ചരമ വാര്‍ഷികദിനം ഇന്ന്‌

തട്ടോളിക്കര കൃഷ്ണന്‍ മാസ്റ്റര്‍; നാലാം ചരമ വാര്‍ഷികദിനം ഇന്ന്‌

  • ദിവാകരന്‍ ചോമ്പാല

താന്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ തന്റെ മനസിന് സുഖവും സന്തോഷവും ഒപ്പം തന്റെ കുടുംബത്തിനും എന്നതിലുപരി താന്‍ ജീവിക്കുന്ന അഥവാ താന്‍ ഇടപെടുന്ന ചുറ്റുപാടിലുള്ളവര്‍ക്കും സര്‍വോപരി സമൂഹത്തിന്റെ നന്മക്കുമായിത്തീരണം എന്ന ലക്ഷ്യമുള്ള സാമൂഹ്യപ്രവര്‍ത്തകന്‍, രാഷ്ട്രീയക്കാരന്‍, അധ്യാപകന്‍ എന്നീ നിലകളിലൂടെയെല്ലാം പ്രവര്‍ത്തിച്ച ചോമ്പാലക്കടുത്ത് തട്ടോളിക്കരയിലെ തിരുക്കൊയിലോത്ത് കൃഷ്ണന്‍ മാസ്റ്റര്‍ വിടപറഞ്ഞിട്ട് നാല് വര്‍ഷം തികയുന്നു. സ്വാര്‍ത്ഥലാഭേച്ഛയില്ലാത്ത കര്‍മാനുഷ്ഠാനങ്ങളിലൂടെ ജീവിച്ചുകടന്നുപോയ അദ്ദേഹത്തെ തട്ടോളിക്കരയുടെ ജനകീയ അമരക്കാരന്‍ എന്ന് വിശേഷിപ്പിക്കാനിഷ്ടപ്പെടുന്നവരാണ് തട്ടോളിക്കരക്കരയിലെ നാട്ടുകാരില്‍ ബഹുഭൂരിഭാഗവും.

സത്യം വദ ധര്‍മ്മം ചര

ഏതൊരു പ്രവര്‍ത്തിക്കിടയിലും മുഖ്യസഹകാരികളോട് കൃഷ്ണന്‍ മാസ്റ്റര്‍ ആവര്‍ത്തിച്ചു പറയാറുള്ള വാക്കുകള്‍ ‘സത്യം വദ ധര്‍മ്മം ചര’ എന്നതായിരുന്നു. ജീവിതകാലം മുഴുവന്‍ മറ്റുള്ളവര്‍ക്ക് മാര്‍ഗ്ഗദര്‍ശിയും തികഞ്ഞ ആദര്‍ശവാനുമായിരുന്ന കൃഷ്ണന്‍ മാസ്റ്റര്‍ ജീവിതം പൂര്‍ത്തീകരിച്ചതാവട്ടെ തികച്ചും ഗാന്ധിയന്‍ എന്ന നിലയിലും.

മുന്‍നിരയില്‍ ഇടിച്ചു കയറി പ്രവര്‍ത്തിക്കുന്നതിലുപരി പിന്‍നിരയില്‍ നിന്നുകൊണ്ട് സാധാരണക്കാരനില്‍ സാധാരണക്കാരനായി ജനങ്ങളോടൊപ്പം പ്രവര്‍ത്തിച്ചു വിജയം നേടിയ കൃഷ്ണന്‍ മാസ്റ്ററെ കുറിച്ചുള്ള കഥകള്‍ പറയാനേറെ.

കിസാന്‍ ജനത വടകര മണ്ഡലം പ്രസിഡന്റ്, കുന്നുമ്മക്കര സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, ശ്രീ മലോല്‍ കുട്ടിച്ചാത്തന്‍ ക്ഷേത്രകമ്മിറ്റി പ്രസിഡന്റ്, വയലോരം റസിഡന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകന്‍ എന്നീ നിലകളിലെല്ലാം സ്തുത്യാര്‍ഹമായ സേവനമനുഷ്ഠിച്ചിട്ടുള്ള ജനസമ്മതനായ ഈ പൊതുകാര്യ പ്രസക്തന്റെ വേര്‍പാടില്‍ കക്ഷിഭേദം മറന്നുകൊണ്ടായിരുന്നു നാട്ടുകാര്‍ അനുശോചനച്ചടങ്ങുകളില്‍ പങ്കാളികളായത്. ചോമ്പാലയിലും ഏറാമലയിലും സോഷ്യലിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ നേതൃത്വപരമായ പങ്കുവഹിച്ചവരില്‍ ഏറെ പ്രമുഖനായിരുന്നു തിരൂകൊയിലോത്ത് കൃഷ്ണന്‍ മാസ്റ്റര്‍. രാഷ്ട്രീയാചര്യനായ കെ.കുഞ്ഞിരാമക്കുറുപ്പിന്റെ നേതൃത്വത്തില്‍ കുന്നുമ്മക്കരയില്‍ കേന്ദ്ര യുവക് സംഘ് രൂപീകരിച്ചപ്പോള്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നതും കൃഷ്ണന്‍ മാസ്റ്റര്‍ തന്നെ.

കുണ്ടനിടവഴികളായിരുന്ന ഈ ഗ്രാമത്തിലെ പല ഭാഗങ്ങളിലൂടെയും ഇപ്പോള്‍ വാഹനമോടിച്ചു പോകുന്ന നാട്ടുകാര്‍ കൃതജ്ഞതയോടെ ഓര്‍ക്കേണ്ട പേരാണ് കൃഷ്ണന്‍ മാസ്റ്ററുടേത്. പല സ്ഥലങ്ങളിലും റോഡ് നിര്‍മാണക്കമ്മിറ്റിയില്‍ അമരക്കാരനായിരുന്നു ഈ പൊതുസേവകന്‍. നിര്‍ധന കുടുംബങ്ങളിലെ രക്ഷകര്‍ത്താക്കളുടെ വേര്‍പാടില്‍ ദുഃഖിക്കുന്നവരെ വാക്കുകളിലൂടെ സമാശ്വസിപ്പിക്കുന്നത് മാത്രമായിരുന്നില്ല കൃഷ്ണന്‍ മാസ്റ്ററുടെ പ്രവര്‍ത്തനരീതി. നിര്‍ദിഷ്ട വ്യക്തിയുടെ അവകാശികളുടെ പേരില്‍ ബാങ്ക് അക്കൗണ്ട് ഉണ്ടാക്കിയ ശേഷം സാമ്പത്തിക സമാഹരണ കമ്മിറ്റിയുണ്ടാക്കി പിരിവെടുക്കാന്‍ മുന്നിട്ടിറങ്ങുക. അതായിരുന്നു കൃഷ്ണന്‍ മാസ്റ്ററുടെ വേറിട്ട പ്രവര്‍ത്തന ശൈലി.

ദുരിതാശ്വാസത്തിന്റെ ഭാഗമായി കൃഷ്ണന്‍ മാസ്റ്റര്‍ മുന്നിട്ടിറങ്ങി പ്രവര്‍ത്തിച്ച് ലക്ഷങ്ങള്‍ സമാഹരിച്ചു കൊടുത്തുകൊണ്ട് സഹായിച്ചവരില്‍ കൃതജ്ഞത നഷ്ട്‌പ്പെടാത്ത പലരും അദ്ദേഹത്തിന്റെ വേര്‍പാടില്‍ ഇന്നും ദുഃഖിതരാണ്. ചുറ്റുപാടിലെ അതിര്‍ത്തി തര്‍ക്കങ്ങള്‍, സ്വത്തുതര്‍ക്കം, കുടുംബ പ്രശ്‌നങ്ങള്‍, വ്യക്തിപരവും സാമൂഹ്യപരവുമായ മറ്റു പ്രശ്നങ്ങള്‍ എല്ലാറ്റിനും പരിഹാരം കാണാന്‍ മുന്നിട്ടിറങ്ങുന്ന ദേശക്കാരില്‍ ഏറെ മുന്നിലായിരുന്ന കൃഷ്ണന്‍ മാസ്റ്റര്‍ കഠിനധ്വാനിയും നല്ലൊരു കൃഷിക്കാരനുമായിരുന്നു. മികച്ച വായനാശീലമുള്ള അദ്ദേഹം സ്വാമി വിവേകാനന്ദന്റെ പുസ്തകങ്ങള്‍ നിധിപോലെ സൂക്ഷിച്ചിരുന്നു. മിതഭാഷിയും ശാന്തനുമായിരുന്ന ഇദ്ദേഹത്തിന് മിത്രങ്ങളല്ലാതെ ശത്രുക്കളായി ആരും ഉണ്ടെന്നു തോന്നുന്നില്ല.

ഹിന്ദി അധ്യാപകനായി ജോലിചെയ്യുന്നതിനിടയില്‍ കൃഷ്ണന്‍ മാസ്റ്റര്‍ അറബി പഠിക്കാന്‍ തുടങ്ങുകയും നാലാം ക്ലാസ് വരെയുള്ള അറബിഭാഷാപഠനത്തില്‍ വരെ അദ്ദേഹം പ്രാവീണ്യം നേടുകയുമുണ്ടായി. അക്കാലങ്ങളില്‍ എടുത്തു പറയാവുന്ന ഇദ്ദേഹത്തിന്റെ മുഖ്യ സഹകാരിയായിരുന്നു സി.പി.എം പ്രവര്‍ത്തകനായ കെ.കെ കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍. രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ തികച്ചും നിസ്വാര്‍ത്ഥന്‍. ഇവര്‍ രണ്ടുപേരും തോളോട് തോള്‍ ചേര്‍ന്നായിരുന്നു ഒട്ടുമുക്കാല്‍ സാമൂഹ്യ പ്രവര്‍ത്തനങ്ങളും നടത്തിയത്. കുന്നമ്പത്ത് നാരായണക്കുറുപ്പ്, മുണ്ടങ്ങാട്ട് രാഘവന്‍ തുടങ്ങിയവരും ചില നേരങ്ങളില്‍ ഒപ്പം കാണും.

രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്നതിലുപരി ഉയര്‍ന്ന സാമൂഹ്യ ബോധത്തിനുടമയായ കൃഷ്ണന്‍ മാസ്റ്ററെ മുന്‍ കേരള കാര്‍ഷിക മന്ത്രി കെ.പി മോഹനന്‍ നേരത്തെ തന്നെ നാട്ടുകൂട്ടത്തെ സാക്ഷിയാക്കി പൊതുവേദിയില്‍ അനുസ്മരിക്കുകയുണ്ടായി. കൃഷ്ണന്‍ മാസ്റ്ററുടെ സന്തതസഹചാരി എന്ന നിലയില്‍ അടുത്തിടപെടാന്‍ അവസരം ലഭിച്ചത് ഒരു ഭാഗ്യമായി ഞാന്‍ കരുതുന്നു. എന്ന് കെ.പി മോഹനന്‍ പറഞ്ഞു.

ഹിന്ദി പഠിപ്പിക്കുന്ന അധ്യാപകനായാണ് അദ്ദേഹം ജോലിയില്‍ പ്രവേശിച്ചതെങ്കിലും ഒരധ്യാപകന്റെ ഭാവവും വേഷവും എന്നതിലുപരി ഒരു കര്‍ഷകന്റെ മനസ്സും ചിന്തകളും വേഷവുമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. മണ്ണിനോട് മല്ലടിച്ചും വിയര്‍പ്പൊഴുക്കിയും സ്വന്തം വീട്ടുവളപ്പില്‍ ആഗ്രഹിക്കുന്നതെന്തും നട്ടുവളര്‍ത്തുന്നതായിരുന്നു ഇദ്ദേഹത്തിന്റെ പ്രധാന ഹോബി. പ്രായാധിക്യത്തിലും കായികധ്വാനം ദിനചര്യയുടെ ഭാഗം. സമുന്നതരായ രാഷ്ട്രീയ നേതാക്കളുമായി നിരന്തരം ബന്ധപ്പെടുന്ന കാലങ്ങളിലും വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് പ്രാധാന്യവും പരിഗണനയും മറ്റുള്ളവരില്‍ നിന്ന് അദ്ദേഹം പ്രതീക്ഷിക്കുകയും ആഗ്രഹിക്കുകയുമുണ്ടായില്ലെന്നത് അദ്ദേഹത്തെ അടുത്തറിയാവുന്ന ആര്‍ക്കും അറിയാവുന്നതാണ്.

അടിസ്ഥാനരഹിതമായ ആരോപണങ്ങളുടെ പേരില്‍ എതിര്‍ത്ത് സംസാരിക്കുന്നവരോടും ഒരിക്കലും അദ്ദേഹം വഴക്കാളിയായി മാറിയിട്ടുമില്ല. മൗനം വിദ്വാന് ഭൂഷണം എന്നപോലെ ഇത്തരം ഘട്ടങ്ങളില്‍ അദ്ദേഹം മൗനം പാലിക്കുന്നതും പതിവ്. കൃഷ്ണന്‍ മാസ്റ്റര്‍ ഏറ്റെടുത്ത പല കുടുംബസഹായ ഫണ്ട് ശേഖരണത്തിനും മുഖ്യസഹകാരിയായി സജീവസാന്നിധ്യമുറപ്പാക്കിയ നിലയില്‍ ഞാന്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. 25000 രൂപ പിരിച്ചുകൊടുക്കാന്‍ കമ്മിറ്റി ലക്ഷ്യമിട്ട പല ഫണ്ടുശേഖരണവും ലക്ഷങ്ങള്‍ക്കുമേലെ പിരിച്ചുണ്ടാക്കാന്‍ ഞങ്ങളുടെ കൂട്ടായ്മയിലൂടെ നേടാന്‍ കഴിഞ്ഞിരുന്നുവെന്ന് അഹങ്കാരലേശമില്ലാതെ അഭിമാനപൂര്‍വം പങ്കുവെക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്.

Share

Leave a Reply

Your email address will not be published. Required fields are marked *