മാഹി: രാജ്യത്തെ ജനസാന്ദ്രതയില്‍ ഒന്നാം സ്ഥാനത്ത് കിടക്കുന്ന മാഹിയില്‍ കാര്‍ഷിക, വ്യാവസായിക, റസിഡന്‍ഷ്യല്‍ ഏരിയകളായി വേര്‍തിരിക്കാന്‍ സ്ഥലപരിമിതി അനുവദിക്കുന്നില്ലെന്നും നിലവിലുള്ള സൗകര്യങ്ങളെ വിപുലപ്പെടുത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കാത്ത വിധമായിരിക്കണം നഗരാസൂത്രണം-2041 നടപ്പിലാക്കേണ്ടതെന്നും മയ്യഴിയിലെ രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ പ്രതിനിധികള്‍ ആവശ്യപ്പെട്ടു. നഗരാസൂത്രണം മാസ്റ്റര്‍ പ്ലാന്‍-2041 മയ്യഴി പൗരാവലിയുടെ അഭിപ്രായ സ്വരൂപണത്തിലാണ് ഈ കാര്യങ്ങള്‍ ഉന്നയിച്ചത്.
എന്നാല്‍ മയ്യഴിയെ സമഗ്ര പുരോഗതിയിലേക്ക് നയിക്കുന്ന മാസ്റ്റര്‍ പ്ലാന്‍ അതേപടി നടപ്പിലാക്കണമെന്നും ഭാവി തലമുറക്ക് വേണ്ടി വിട്ടുവീഴ്ച ചെയ്യേണ്ടതുണ്ടെന്നും ബി.ജെ.പി പ്രതിനിധി വ്യക്തമാക്കി. മയ്യഴിയില്‍ അവശേഷിക്കുന്ന ജലസ്രോസ്സുകള്‍ സംരക്ഷിക്കണമെന്നും വൈദ്യുതി വിതരണം പൂര്‍ണമായി കേബിള്‍ വഴിയാക്കണമെന്നും പൊതുസ്ഥലങ്ങളും തോടുകളും കൈയ്യടക്കിയവരെ ഒഴിപ്പിച്ചെടുക്കണമെന്നും മയ്യഴിയെ പൈതൃക ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും കുന്നിടിക്കുന്നതും വയല്‍ നികത്തപ്പെടുന്നതും കര്‍ശനമായി തടയപ്പെടണമെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു. കേവലം ഒന്‍പത് ചതുരശ്ര കിലോമീറ്ററിനുള്ളില്‍ 45000 ജനങ്ങള്‍ തിങ്ങിത്താമസിക്കുകയാണെന്ന യാഥാര്‍ത്യം പദ്ധതി നടപ്പിലാക്കുമ്പോള്‍ ഓര്‍ത്തിരിക്കണമെന്നും അഭിപ്രായങ്ങളുയര്‍ന്നു.
മാഹി അഡ്മിനിസ്‌ട്രേറ്റര്‍ ശിവ്‌രാജ് മീണയുടെ അധ്യക്ഷതയില്‍ സിവില്‍ സ്റ്റേഷന്‍ ഓഡിറ്റോറിയത്തില്‍ നടന്ന അഭിപ്രായ സ്വരൂപണ യോഗം രമേശ് പറമ്പത്ത് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പുതുച്ചേരി സംസ്ഥാന ടൗണ്‍ പ്ലാനര്‍ ശ്രീധരന്‍ പദ്ധതി വിശദീകരിച്ചു. ജെ.ടി.പി രവിചന്ദര്‍ സ്വാഗതം പറഞ്ഞു. വിവിധ സംഘടനാ പ്രതിനിധികളായ ടി.കെ.ഗംഗാധരന്‍, പി.കെ. സത്യാനന്ദന്‍, ബാബുജയപ്രകാശ്, പി.പി.വിനോദ് , ഇ.കെ റഫീഖ്, അഡ്വ. മുഹമ്മദ് ഷെബീര്‍, ചാലക്കര പുരുഷു, ദിനേശന്‍, കെ.മോഹനന്‍, ജിനോസ് ബഷീര്‍, ഇ.കെ മുഹമ്മദലി തുടങ്ങിയവര്‍ സംസാരിച്ചു.