കോഴിക്കോട്: കോഴിക്കോട് സര്‍വോദയ സംഘത്തിന്റെ മിഠായിത്തെരുവിലുള്ള ഖാദി ഗ്രാമോദ്യോഗ് എമ്പോറിയത്തില്‍ ഒരുക്കുന്ന ഖാദി ഓണം മേളയുടെ ഉദ്ഘാടനം നാളെ രാവിലെ 10 മണിക്ക് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിര്‍വഹിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മേയര്‍ ബീന ഫിലിപ് അധ്യക്ഷത വഹിക്കും. സംഘം പ്രസിഡന്റ് കെ.കെ മുരളീധരന്‍ മുഖ്യപ്രഭാഷണം നടത്തും. ഉപഭോക്തൃ സംരക്ഷണ സമിതി പ്രസിഡന്റ് ടി.കെ.എ അസീസ് ആദ്യവില്‍പന ഏറ്റുവാങ്ങും. കൗണ്‍സിലര്‍ എസ്.കെ അബൂബക്കര്‍, കെ.വി.ഐ.ബി പ്രോജക്ട് ഓഫിസര്‍ ഷിബി.കെ, ഹരിഹരന്‍ ശബരിരാജ് (ചീഫ് മാനേജര്‍, കനറ ബാങ്ക്), ജേക്കബ് വടക്കുംചേരി, ബൈജു.സി ആശംസകള്‍ നേരും. കോഴിക്കോട് സര്‍വോദയ സംഘം സെക്രട്ടറി പി.വിശ്വന്‍ സ്വാഗതവും ഖാദി ഗ്രാമോദ്യോഗ് എമ്പോറിയം മാനേജര്‍ എന്‍.കൃഷ്ണകുമാരന്‍ നന്ദിയും പറയും.
മേളയോടനുബന്ധിച്ച് ഓരോ പര്‍ച്ചേഴ്‌സിനും ഒരു സമ്മാന കൂപ്പണ്‍ നല്‍കും. ഒന്നാം സമ്മാനമായി പത്ത് പവന്‍ സ്വര്‍ണനാണയം ഒരാള്‍ക്കും രണ്ടാം സമ്മാനമായി അഞ്ച് പവന്‍ സ്വര്‍ണ നാണയവും, മൂന്നാം സമ്മാനമായി ജില്ലാടിസ്ഥാനത്തില്‍ ഒരു പവന്‍ സ്വര്‍ണനാണയം വീതം 14 പേര്‍ക്കും ലഭിക്കും. ആഴ്ചതോറും ജില്ലാടിസ്ഥാനത്തില്‍ നടത്തുന്ന നറുക്കെടുപ്പിലൂടെ 5000 രൂപയുടെ ഗിഫ്റ്റ് വൗച്ചറും സമ്മാനമായി ലഭിക്കും. മേളക്ക് വിപുലമായ ഒരുക്കങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ദോത്തികള്‍, സില്‍ക്ക് സാരികള്‍, കലംകാരി ഉല്‍പ്പന്നങ്ങള്‍, ബെഡ്ഷീറ്റ്, കോട്ടണ്‍സാരികള്‍, കോല്‍ഹാപുരി ചെരുപ്പുകള്‍, ആയുര്‍വേദ സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, പാലക്കാടന്‍ മണ്‍പാത്രങ്ങള്‍, ജ്യൂട്ട് ബാഗുകള്‍, കുമിഴിലും വീട്ടിയിലും തീര്‍ത്ത വിഗ്രഹങ്ങളും ഗജവീരന്മാരും മേളയിലുണ്ട്. 400 രൂപ മുതല്‍ 1500 രൂപവരെ വിലവരുന്ന ബെഡ്ഷീറ്റുകള്‍, 800 രൂപ മുതല്‍ 7000 രൂപ വരുന്ന കോട്ടണ്‍ സാരികള്‍, ഷര്‍ട്ടുകള്‍, ചുരിദാറുകള്‍, ബെര്‍മുഡ എന്നിവയുടെ വിപുലമായ കലക്ഷനും നിലമ്പൂര്‍ തേക്കില്‍ തീര്‍ത്ത ഫര്‍ണ്ണീച്ചറുകളും മേളയുടെ പ്രധാന ആകര്‍ഷണങ്ങളാണ്.
സാധാരണയില്‍ നിന്നുപരി ലെതര്‍ ഉല്‍പ്പന്നങ്ങളുടെ മൂന്നിരട്ടി കലക്ഷനുകളും മേളയിലുണ്ട്. മേള കാണാനെത്തുന്നവര്‍ക്ക് പായസവും ഐസ്‌ക്രീം ഉല്‍പ്പന്നങ്ങളും കഴിക്കാന്‍ ഹണിഹട്ടും സജ്ജീകരിച്ചിട്ടുണ്ട്. 30% റിബേറ്റ്, സമ്മാനങ്ങള്‍, പലിശരഹിത വായ്പാസൗകര്യവും ഒരുക്കിയിട്ടുണ്ട്. വാഹനങ്ങള്‍ക്ക് വൈക്കം മുഹമ്മദ് ബഷീര്‍ റോഡിലൂടെ മേളനഗരിയിലേക്ക് പ്രവേശിക്കാവുന്നതാണ്. രാവിലെ 10 മുതല്‍ രാത്രി എട്ടുവരെയാണ് സന്ദര്‍ശന സമയം. സെപ്റ്റംബര്‍ ഏഴിന് മേള സമാപിക്കും. വാര്‍ത്താസമ്മേളനത്തില്‍സംഘം വൈസ് പ്രസിഡന്റ് ജി.എം സിജിത്ത്, സെക്രട്ടറി പി.വിശ്വന്‍, ട്രഷറര്‍ എം.കെ ശ്യാമപ്രസാദ്, എമ്പോറിയം മാനേജര്‍ എന്‍. കൃഷ്ണകുമാര്‍ പങ്കെടുത്തു.