ഉമ്പായി ഫെസ്റ്റ്; രണ്ടാംദിനം കഥക് മെഹഫില്‍ അവതരിപ്പിച്ച് ശരണ്യയും സംഘവും

ഉമ്പായി ഫെസ്റ്റ്; രണ്ടാംദിനം കഥക് മെഹഫില്‍ അവതരിപ്പിച്ച് ശരണ്യയും സംഘവും

കോഴിക്കോട്: ഹിന്ദുസ്ഥാനി സംഗീതത്തിന്റെ അകമ്പടിയില്‍ താളാത്മകമായി അവതരിപ്പിക്കുന്ന കഥക് മെഹഫില്‍ ഉമ്പായി ഫെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ ശ്രദ്ധ പിടിച്ചുപറ്റി. ശുദ്ധ ക്ലാസിക്കില്‍ തുടങ്ങി ഗസല്‍ സൂഫിയില്‍ സമാപിച്ച കഥക് മെഹ്ഫില്‍ പ്രശസ്ത നര്‍ത്തകി ശരണ്യ ജസ്ലിനും സംഘവുമാണ് അവതരിപ്പിച്ചത്. മലയാളിക്ക് അത്ര പരിചിതമല്ലാത്ത ഉത്തരേന്ത്യന്‍ കലാരൂപമായ കഥകിനെ ജനപ്രിയമാക്കുന്നതില്‍ ശ്രദ്ധേയയാണ് തൃശൂര്‍ സ്വദേശിനിയായ ശരണ്യ. ഈ രംഗത്ത് ഒട്ടേറെ പുരസ്‌കാരങ്ങളും അവര്‍ നേടിയിട്ടുണ്ട്. കഥക് മെഹ്ഫിലിന് അകമ്പടിയായി സിത്താര്‍ കെ.ജെ പോള്‍സണും തബല ഷഹിന്‍ പി.നാസറും അവതരിപ്പിച്ചു. ശരണ്യയുടെ ആറ് ശിഷ്യന്മാരാണ് ഒപ്പം നൃത്തം അവതരിപ്പിച്ചത്.

സ്വദേശത്തും വിദേശത്തുമായി ശരണ്യ സഹസ്രയുടെ ബാനറിലാണ് പരിപാടി അവതരിപ്പിക്കുന്നത്. കഥക് മെഹ്ഫിന് മുന്നോടിയായി വേദിയില്‍ റഫി-മുകേഷ് -കിഷോര്‍ – ലതാമങ്കേഷ്‌കര്‍-ബാബുരാജ് എന്നിവരുടെ ഗാനങ്ങള്‍ കോര്‍ത്തിണക്കി ഗായകരായ മുനീബ്, നയന്‍ ജെ.ഷാ, ഡോ. അനു ദേവാനന്ദ്, ഗോപിക മേനോന്‍, ദേവനന്ദ രാജേഷ്, കെ.സലാം, ഗുലാംബ്ജാന്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. അവര്‍ക്ക് അകമ്പടിയായി കീ ബോര്‍ഡ് എം.ഹരിദാസും, ഗിറ്റാര്‍ സോമനും റിഥം പാഡ് അസീസും , തബല ഫിറോസും അവതരിപ്പിച്ചു. ബെന്ന ചേന്നമംഗല്ലൂരായിരുന്നു അവതാരകന്‍ ഇന്ന് വൈകുന്നേരം അഞ്ച് മണി മുതല്‍ ഫാരിഷാ ഖാന്‍ അവതരിപ്പിക്കുന്ന മെഹഫില്‍ ഉണ്ടാകും. ദീപക് മറാഡെയുടെ ഗസലോടെ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഉമ്പായി മ്യൂസിക് അക്കാദമിയുടെ ഹിന്ദുസ്ഥാനി സംഗിതോത്സവം സമാപിക്കും.

 

Share

Leave a Reply

Your email address will not be published. Required fields are marked *