റേഷന്‍ വ്യാപാരികള്‍ പാര്‍ലമെന്റ് മാര്‍ച്ച് നടത്തി

റേഷന്‍ വ്യാപാരികള്‍ പാര്‍ലമെന്റ് മാര്‍ച്ച് നടത്തി

കോഴിക്കോട്: ഓള്‍ ഇന്ത്യ ഫെയര്‍പ്രൈസ് ഷോപ്പ് ഡീലേഴ്‌സ് ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ റേഷന്‍ വ്യാപാരികള്‍ പാര്‍ലമെന്റ് മാര്‍ച്ച് നടത്തി. രാജ്യത്തെ 4,66,666 ന്യായവില ഷോപ്പ് ലൈസന്‍സികളെ പ്രതിനിധീകരിച്ച് ലക്ഷത്തോളം പേര്‍ മാര്‍ച്ചില്‍ പങ്കെടുത്തു. റേഷന്‍ വിതരണം സാര്‍വ്വത്രികമാക്കുക, എന്‍.എഫ്.എസ് മൂലം റേഷന്‍ ആനുകൂല്യങ്ങള്‍ക്ക് പുറത്തായ ഭൂരിപക്ഷം സാധാരണക്കാരെ കൂടി ഉള്‍പ്പെടുത്തി രാജ്യത്താകെ ഏകീകൃത റേഷന്‍ സമ്പ്രദായം നടപ്പാക്കുക, ഭക്ഷ്യധാന്യങ്ങള്‍ക്ക് പുറമെ നിത്യോപയോഗ വസ്തുക്കളും ഭക്ഷ്യഎണ്ണ, പാചക വാതകം ഉള്‍പ്പെടെ റേഷന്‍ കടകളിലൂടെ വിതരണം ചെയ്യുക, സംസ്ഥാനങ്ങള്‍ക്കുള്ള റേഷന്‍ വിഹിതം നിലവിലുള്ള ജനസംഖ്യയനുസരിച്ചും റേഷന്‍ കാര്‍ഡുകളുടെ അടിസ്ഥാനത്തിലും പുനര്‍നിര്‍ണ്ണയിക്കുക, റേഷന്‍ കടകളില്‍ എത്തിക്കുന്ന റേഷന്‍ സാധനങ്ങളുടെ അളവും തൂക്കവും കൃത്യമാണെന്നുറപ്പിക്കുന്നതിന് ഫലപ്രദമായ സംവിധാനമുണ്ടാക്കുക, റേഷന്‍ സാധനങ്ങളുടെ ഗുണനിലവാരം ഉറപ്പിക്കുക, റേഷന്‍ സാധനങ്ങളുടെ വേതനം കാലോചിതമായി ജീവിത നിലവാര സൂചിക
യുടെ അടിസ്ഥാനത്തില്‍ പരിഷ്‌കരിക്കുക, സെയില്‍സ്മാന്‍മാരെയും സര്‍ക്കാരിന്റെ വേതന പരിധിയില്‍ കൊണ്ടുവരിക, റേഷന്‍ വ്യാപിരകള്‍ക്കും സെയില്‍സ്മാന്‍മാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഇന്‍ഷൂറന്‍സ് പരിരക്ഷ, പെന്‍ഷന്‍, ക്ഷേമനിധി നടപ്പിലാക്കുക, 1965 മുതല്‍ സ്റ്റാറ്റിയൂട്ടറി റേഷന്‍ സംവിധാനം നിലനില്‍ക്കുന്ന ഉപഭോക്തൃ ഭക്ഷ്യ കമ്മി സംസ്ഥാനമായ കേരളത്തിന് പ്രത്യേക പാക്കേജ് അനുവദിക്കുക, കൊവിഡില്‍ മരണമടഞ്ഞ റേഷന്‍ വ്യാപാരികളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുക, റേഷന്‍വ്യാപാരികളെ മുന്നണി പോരാളികളായി അംഗീകരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് പാര്‍ലമെന്റ് മാര്‍ച്ച് നടത്തിയത്. പ്രഹ്ലാദ് മോദി മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ഓള്‍ ഇന്ത്യ ഫെയര്‍ പ്രൈസ് ഡീലേഴ്‌സ്അസോസിയേഷന്‍ അഖിലേന്ത്യാ ജന.സെക്രട്ടറി ബിശ്വംഭര്‍ബസു നേതൃത്വം നല്‍കി.

വിവിധസംസ്ഥാനങ്ങളില്‍ നിന്നുള്ള എം.പിമാര്‍ സമരത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. കേരളത്തില്‍ നിന്ന്
ഓള്‍ കേരള റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്റെ 200പേര്‍ മാര്‍ച്ചില്‍ പങ്കാളികളായി. കേരള പ്രതിനിധികളുടെ മാര്‍ച്ചിന്റെ പതാക ആന്റോ ആന്റണി എം.പി, പ്രസിഡന്റ് ജോണി നെല്ലൂരിന് കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു. എം.പിമാരായ എം.കെ.രാഘവന്‍, ഡീന്‍കുര്യാക്കോസ്, ജെ.ബി.മേത്തര്‍, എന്‍.കെ.പ്രേമചന്ദ്രന്‍, സന്തോഷ് കുമാര്‍ ആശംസകള്‍ നേര്‍ന്നു. ജന്തര്‍മന്തറില്‍ വച്ച് എം.പിമാരായ ശശി തരൂര്‍, അടൂര്‍ പ്രകാശ്, തോമസ് ചാഴിക്കാടന്‍, ബിനോയ് വിശ്വം, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ബെന്നിബഹനാന്‍, കൊടിക്കുന്നില്‍ സുരേഷ്, കെ.മുരളീധരന്‍, ഹൈബി ഈഡന്‍ എന്നിവര്‍ സംസാരിച്ചു. സമരം വിജയിപ്പിച്ച പ്രവര്‍ത്തകരെ സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂരും, ജന.സെക്രട്ടറി മുഹമ്മദലിയും അഭിവാദ്യം ചെയ്തു.

Share

Leave a Reply

Your email address will not be published. Required fields are marked *