ആവിക്കലിലെ സംഘര്‍ഷം; 125 പേര്‍ക്കെതിരേ പോലിസ് കേസെടുത്തു

ആവിക്കലിലെ സംഘര്‍ഷം; 125 പേര്‍ക്കെതിരേ പോലിസ് കേസെടുത്തു

കോഴിക്കോട്: മാലിന്യപ്ലാന്റ് സ്ഥാപിക്കുന്നതിനെതിരേ പ്രതിഷേധിച്ച സമരസമിതി പ്രവര്‍ത്തകര്‍ക്കെതിരേ പോലിസ് കേസെടുത്തു. ഇന്നലെയാണ് സമരസമിതി പ്രവര്‍ത്തകരും പോലിസും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 125 പേര്‍ക്കെതിരേയാണ് കേസെടുത്തത്. പോലിസിനെ ആക്രമിച്ചതിന് 50 പേര്‍ക്കെതിരേയും പോലിസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തി, അന്യായമായി സംഘം ചേര്‍ന്നു, ഗതാഗതം തടസ്സപ്പെടുത്തി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി 75 പേര്‍ക്കെതിരേയുമാണ് കേസ്.

സംഘര്‍ഷത്തില്‍ എസ്.ഐ ഉള്‍പ്പെടെ മൂന്നു പോലിസുകാര്‍ക്കും നിരവധി സമരസമിതി പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റിരുന്നു. എന്നാല്‍, കേസ് വകവയ്ക്കാതെ സമരവുമായി മുന്നോട്ടുപോകുമെന്ന് മാലിന്യപ്ലാന്റ് വിരുദ്ധ സമിതി അറിയിച്ചു.

വെള്ളയില്‍ ഗവ. ഫിഷറീസ് യു.പി സ്‌കൂളില്‍ മാലിന്യപ്ലാന്റിനെ മാത്രം അനുകൂലിക്കുന്നവരെ വിളിച്ചുചേര്‍ത്ത് ജനസഭ ചേര്‍ന്നതാണ് സംഘര്‍ഷത്തിനു കാരണമായത്. സെക്കുലര്‍ വോയിസ് വെള്ളയില്‍ എന്ന പേരില്‍ സി.പി.എമ്മുകാരാണ് ജനസഭ നടത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. സഭയില്‍ പങ്കെടുക്കാനെത്തിയ സ്ത്രീകളടക്കമുള്ളവരെ തടയുകയും പ്ലാന്റ് അനുകൂലികളെ മാത്രം പ്രവേശിപ്പിച്ചതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്.

ഇതോടെ നാട്ടുകാര്‍ സ്‌കൂളിന് പുറത്ത് വെള്ളയില്‍ ഹാര്‍ബറിനു മുന്‍പിലെ റോഡ് ഉപരോധിച്ചു. പോലിസ് സമരക്കാരെ പിരിച്ചുവിടാന്‍ ബലം പ്രയോഗിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *