കെ.എം മാണിയുടെ എം.എല്‍.എ റെക്കോര്‍ഡ് ഭേദിച്ച് ഉമ്മന്‍ചാണ്ടി; 18728 ദിവസം

കെ.എം മാണിയുടെ എം.എല്‍.എ റെക്കോര്‍ഡ് ഭേദിച്ച് ഉമ്മന്‍ചാണ്ടി; 18728 ദിവസം

തിരുവനന്തപുരം: എം.എല്‍.എ ആയി ഏറ്റവും കൂടുതല്‍ കാലം എന്ന കെ.എം മാണിയുടെ റെക്കോര്‍ഡ് ഭേദിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. 2022 ആഗസ്ത് രണ്ടിന് എംഎല്‍എ പദത്തില്‍ 18728 ദിവസം തികച്ചിരിക്കുകയാണ് അദ്ദേഹം. അതേസമയം മന്ത്രിമാരില്‍ പത്താം സ്ഥാനവും മുഖ്യമന്ത്രിമാരില്‍ നാലാം സ്ഥാനത്തുമാണ് ഉമ്മന്‍ചാണ്ടി. 1970 മുതല്‍ 2021 വരെ തുടര്‍ച്ചയായി 12 തവണ അദ്ദേഹം നിയമസഭയിലേക്ക് വിജയിച്ചിട്ടുണ്ട്. രണ്ട് തവണ മുഖ്യമന്ത്രിയായും ഒരു തവണ പ്രതിപക്ഷ നേതാവായും നാല് തവണ മന്ത്രിയായും ഉമ്മന്‍ചാണ്ടി ചുമതലയേറ്റു. വിവിധ മന്ത്രിസഭകളിലായി തൊഴില്‍, ആഭ്യന്തരം, ധനകാര്യം എന്നീ വകുപ്പുകളാണ് അദ്ദേഹം കൈകാര്യം ചെയ്തത്.

സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ ദിവസം മന്ത്രിയായത് കെ.എം മാണി (8759) ആണ്. പി.ജെ ജോസഫ് (6105), ബേബി ജോണ്‍ (6061), കെ.ആര്‍ ഗൗരിയമ്മ (5824), കെ.കരുണാകരന്‍ (5254), കെ.അവുക്കാദര്‍കുട്ടി നഹ (5108), ടി.എം ജേക്കബ് (5086), പി.കെ കുഞ്ഞാലിക്കുട്ടി (4954), ആര്‍.ബാലകൃഷ്ണപിള്ള (4265) എന്നിങ്ങനെയാണ് പിന്നീടുള്ള ക്രമം.

ആകെയുള്ള 12 മുഖ്യമന്ത്രിമാരില്‍ ഉമ്മന്‍ ചാണ്ടിക്ക് 2459 ദിവസമാണ് ചുമതല നിര്‍വഹിച്ചത്. ഇ.കെ നായനാര്‍ (4009), കെ.കരുണാകരന്‍ (3246), സി.അച്യുതമേനോന്‍ (2640) എന്നിവരാണ് മുന്‍നിരയില്‍. ഇതുവരെയുള്ള എം.എല്‍.എമാരില്‍ ഉമ്മന്‍ ചാണ്ടിയും കെ.എം മാണിയും മാത്രമാണ് നിയമസഭയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയത്.

Share

Leave a Reply

Your email address will not be published. Required fields are marked *