മധുകൊലക്കേസ്: ഒരാള്‍കൂടി കൂറുമാറി, കൂറുമാറിയ സാക്ഷികളുടെ എണ്ണം പത്തായി

മധുകൊലക്കേസ്: ഒരാള്‍കൂടി കൂറുമാറി, കൂറുമാറിയ സാക്ഷികളുടെ എണ്ണം പത്തായി

പാലക്കാട്: മധുകൊലക്കേസില്‍ ഒരു സാക്ഷികൂടി കൂറുമാറി. ഇതോടെ കൂറുമാറിയ സാക്ഷികളുടെ എണ്ണം പത്തായി. ഇരുപതാം സാക്ഷി മരുതന്‍ എന്ന മയ്യനാണ് കൂറുമാറിയത്. മുക്കാലിയിലുള്ള തേക്ക് പ്ലാന്റേഷനിലെ ജിവനക്കാരനാണ് മയ്യന്‍. സാക്ഷികള്‍ തുടര്‍ച്ചയായി കൂറുമാറുന്നതിനാല്‍ പ്രോസിക്യൂഷന്‍ ആശങ്കയിലാണ്. രഹസ്യമൊഴി നല്‍കിയ ഏഴുപേര്‍ കോടതിയില്‍ മൊഴി മാറ്റിയിരുന്നു. അതിന് ശേഷം വിസ്തരിച്ച രണ്ടുപേരും പോലിസിന് നല്‍കിയ മൊഴി കോടതിയില്‍ തിരുത്തി. പതിനാറ് പ്രതികള്‍ക്കും ജാമ്യം കിട്ടിയതിനാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ അവസരം കിട്ടിയെന്നാണ് നിയമവിദഗ്ധരുടെ വിലയിരുത്തല്‍.

മധുവിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ പ്രതികളുടെ ബന്ധു അബ്ബാസിനെതിരെ അഗളി പോലിസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. മണ്ണാര്‍ക്കാട് മുന്‍സിഫ് കോടതി നിര്‍ദേശം പ്രകാരമാണ് നടപടി. മധുവിന്റെ അമ്മ മല്ലി, സഹോദരി സരസു എന്നിവരുടെ മൊഴി ഇന്നെടുത്തേക്കും. ഇതിന് ശേഷമാകും അറസ്റ്റില്‍ അന്തിമ തീരുമാനം എടുക്കുക. സാക്ഷികളെ പ്രതിഭാഗം സ്വാധീനിക്കുന്നു എന്ന് മധുവിന്റെ കുടുംബവും ആരോപിച്ചിരുന്നു.

അട്ടപ്പാടി മധുകൊലക്കേസില്‍ പ്രോസിക്യൂഷന്‍ സാക്ഷികളുടെ തുടര്‍കൂറുമാറ്റം പ്രതിസന്ധിയാണെന്ന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ രാജേഷ് എം മേനോന്‍. മൊഴിമാറ്റം തടയാന്‍ വിറ്റ്‌നസ് പ്രൊട്ടക്ഷന്‍ സ്‌കീം നടപ്പിലാക്കണം. പ്രതികള്‍ ജാമ്യത്തില്‍ ഇറങ്ങിയതിനാല്‍, പ്രോസിക്യൂഷന്‍ സാക്ഷികളെ സ്വാധീനിക്കാന്‍ അവസരമുണ്ടായി. ഇതും തിരിച്ചടിയായെന്ന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *