യുവാക്കള്‍ ദേശസ്‌നേഹത്തിനാവണം അടിമകളാകേണ്ടത്: പുതുച്ചേരി നിയമസഭാ സ്പീക്കര്‍

യുവാക്കള്‍ ദേശസ്‌നേഹത്തിനാവണം അടിമകളാകേണ്ടത്: പുതുച്ചേരി നിയമസഭാ സ്പീക്കര്‍

മാഹി: യുവജനങ്ങള്‍ മയക്കുമരുന്നിനല്ല, ദേശസ്‌നേഹത്തിനാണ് അടിമകളാവേണ്ടതെന്ന് പുതുച്ചേരി നിയമസഭാ സ്പീക്കര്‍ ഏമ്പലം ആര്‍.ശെല്‍വം. ചാലക്കര ഉസ്മാന്‍ ഗവ. ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ‘കേരളകൗമുദി ബോധപൗര്‍ണ്ണമി’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യം ശാസ്ത്ര സാങ്കേതിക വളര്‍ച്ചയും വിദ്യാഭ്യാസ മുന്നേറ്റവും കൈവരിക്കുമ്പോഴും ഭാവി തലമുറയെ തകര്‍ക്കും വിധം ലഹരി ഉപയോഗം വര്‍ധിക്കുന്നത്‌ കാണാതിരുന്നാല്‍ വലിയ നഷ്ടമായിരിക്കും സംഭവിക്കുകയെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. പുതുച്ചേരിയിലെ മറ്റ് ഭാഗങ്ങളില്‍ മയക്ക് മരുന്ന് വിപണനം പടരുന്നത് സര്‍ക്കാര്‍ ഗൗരവമായി കാണുന്നുണ്ട്. എന്നാല്‍ മയ്യഴി മയക്ക് മരുന്ന് ഉപയോഗത്തില്‍ ഏറെക്കുറെ വിമുക്തമാണെന്നത് ആശ്വാസകരമാണെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.

മലയാളികള്‍ നൂറ്റാണ്ടിലേറെയായി നെഞ്ചേറ്റിയ കേരളകൗമുദി പോലുള്ള മാധ്യമങ്ങള്‍ ലഹരിക്കെതിരെ നടത്തി വരുന്ന പോരാട്ടങ്ങള്‍ തീര്‍ച്ചയായും ഫലവത്താകുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച മാഹി എം. എല്‍.എ രമേശ് പറമ്പത്ത് അഭിപ്രായപ്പെട്ടു. കേരളകൗമുദി ബ്യൂറോ ചീഫ് ഒ.സി മോഹന്‍രാജ് ആമുഖഭാഷണവും പോലിസ് സൂപ്രണ്ട് രാജശങ്കര്‍ വെള്ളാട്ട് മുഖ്യഭാഷണവും നടത്തി. വിദ്യാഭ്യാസ മേലധ്യക്ഷന്‍ ഉത്തമ രാജ് മാഹി മുഖ്യാതിഥിയായി. പുതുച്ചേരി എം.എല്‍.എ അശോക് ബാബു ചടങ്ങില്‍ സംസാരിച്ചു. മാധ്യമപ്രവര്‍ത്തകന്‍ ചാലക്കര പുരുഷു സ്വാഗതവും പി.ടി.എ പ്രസിഡന്റ് കെ.വി സന്ദീവ് നന്ദിയും പറഞ്ഞു. തമിഴിലുള്ള പ്രാര്‍ത്ഥനാഗീതം ആലപിച്ച എ.ശീതളിനെ സ്പീക്കറും പുതുച്ചേരി എം.എല്‍.എയും അഭിനന്ദിച്ചു. തുടര്‍ന്ന് പിന്നണി ഗായകന്‍ എം.മുസ്തഫ മാസ്റ്റര്‍ നയിച്ച ‘പാട്ട് കിസ്സ’ സംഗീത- നൃത്ത പരിപാടി അരങ്ങേറി.

Share

Leave a Reply

Your email address will not be published. Required fields are marked *