മലബാര്‍ കാന്‍സര്‍ സെന്റര്‍ അതിജീവിതരുടെ സംഗമം നടത്തി

മലബാര്‍ കാന്‍സര്‍ സെന്റര്‍ അതിജീവിതരുടെ സംഗമം നടത്തി

  • ചാലക്കര പുരുഷു

തലശ്ശേരി: കാന്‍സര്‍ ചികിത്സാരംഗത്ത് ലോക ശ്രദ്ധയാകര്‍ഷിച്ച മലബാര്‍ കാന്‍സര്‍ സെന്റര്‍ തലശ്ശേരി നഗരസഭാ ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച ‘അമൃതം 2022- അതിജീവനത്തിന്റെ ആഘോഷം’ ഈ ആതുരാലയത്തിന്റെ ചികിത്സാ ശേഷിയേയും കാന്‍സറിനെ തോല്‍പ്പിച്ച അതിജീവിതരുടേയും കരുത്ത് വിളംബരം ചെയ്തു. 2001ല്‍ പ്രവര്‍ത്തനമാരംഭിച്ചതാണ് ഈ അര്‍ബുദ ചികിത്സാ കേന്ദ്രം. എണ്ണൂറോളം അതിജീവിതരും ബന്ധുക്കളും ജീവ കാരുണ്യ പ്രവര്‍ത്തകരും സന്നദ്ധ സേനാംഗങ്ങളും ആശുപത്രി ജീവനക്കാരുമുള്‍പ്പെടെ രണ്ടായിരത്തി അഞ്ഞൂറോളം പേരാണ് അമൃതം പരിപാടിയുടെ ഭാഗമായത്.

മിഥ്യാധാരണകളില്‍ അകപ്പെടാതെ, ശരിയായ സമയത്ത് ആധുനിക ചികിത്സാരീതികളിലൂടെ കാന്‍സര്‍ പൂര്‍ണമായി സുഖപ്പെടുത്താനാവുമെന്നും ജാഗ്രതയാണ് വേണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനിലൂടെ ഉദ്ഘാടനം നിര്‍വഹിച്ച് അഭിപ്രായപ്പെട്ടു. അതിജീവിക്കാനാവുന്ന രോഗമാണിത്. നേരത്തെ മനസ്സിലാക്കാനാവുന്ന അവസ്ഥയുണ്ടായാല്‍ ആശങ്കയുടെ പ്രശ്‌നമേയില്ല. അതിജീവിതര്‍ പങ്കിടുന്ന അനുഭവങ്ങള്‍ രോഗാതുരതയിലുള്ളവര്‍ക്ക് ആത്മവിശ്വാസം പകരും. വ്യാജ ചികിത്സാ രീതികളില്‍ നാം കുടുങ്ങിപ്പോകരുത്. കാന്‍സര്‍ ഗവേഷണത്തിനും പരിശീലനത്തിനുമൊക്കെ ഇന്ന് എം.സി.സി. നല്‍കുന്ന പിന്തുണ അഭിനന്ദനാര്‍ഹമാണ്. സാമൂഹ്യ പ്രതിബദ്ധതയോടെയുള്ള ഇടപെടലുകള്‍ ഈ ആതുരാലയത്തെ അന്തര്‍ദ്ദേശീയ തലത്തിലേക്കുയര്‍ത്തുകയാണ്. സര്‍ക്കാര്‍ ഈ സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്കാവശ്യമായ എല്ലാ വികസന പ്രവര്‍ത്തനങ്ങളും സമയബന്ധിതമായി നടപ്പിലാക്കി വരുന്നുണ്ടെന്ന് മുഖ്യമന്ത്രി ഓണ്‍ലൈനിലൂടെ വിശദമാക്കി.

ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനിലൂടെ മുഖ്യാതിഥിയായി. ചടങ്ങില്‍ അഡ്വ.എ.എന്‍ ഷംസീര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. അതിജീവിതരുടെ കലാപരിപാടികളില്‍ ചടങ്ങിനെത്തിയവര്‍ പാട്ടുപാടിയും നൃത്തച്ചുവടുകള്‍ വെച്ചും കേക്ക് മുറിച്ചും പങ്കാളികളായി. സബ് കലക്ടര്‍ അനുകുമാരി, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാര്‍ സംബന്ധിച്ചു. ചികിത്സകരുടേയും, അതി ജീവിതരുടേയും അനുഭവസാക്ഷ്യങ്ങളായ ‘സമര്‍പ്പണ്‍’, ‘സായൂജ്യ ‘ എന്നീ സുവനീറുകള്‍ അതിജീവിതയും എഴുത്തുകാരിയുമായ സിത്താര ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യക്ക് കൈമാറി പ്രകാശനം ചെയ്തു. പിന്നണി ഗായിക മഞ്ജരിയുടെ ഗാനമേളയുമുണ്ടായി. ചലച്ചിത്ര നടന്‍ കുഞ്ചാക്കോ ബോബനും, പ്രശസ്ത ഫുട്‌ബോളര്‍ സി.കെ വിനീതും പരിപാടിയില്‍ അംഗങ്ങളായി. ദേവദൂതര്‍ പാടി, സ്‌നേഹ ദൂതര്‍ പാടി എന്ന ഗാനത്തിനൊപ്പം കഞ്ചാക്കോ ബോബന്‍ ചുവടുകള്‍ വച്ചു. കട്ടികള്‍ക്ക് ‘ഹോപ്പി’ ന്റെ സമ്മാനങ്ങളും നല്‍കി. പരിപാടികള്‍ക്ക് സെന്റര്‍ എം.ഡി ഡോ: സതീശന്‍ ബാലസുബ്രഹ്‌മണ്യവും നേതൃത്വം നല്‍കി.

നഴ്‌സിങ് വിദ്യാര്‍ഥിനികള്‍ അവതരിപ്പിച്ച നൃത്ത പരിപാടികള്‍ കാന്‍സര്‍ അതിജീവന വഴികളിലെ സങ്കീര്‍ണമായ വഴിത്താരകളെ ലളിതമായി അവതരിപ്പിച്ച് കൊണ്ടുള്ളതായിരുന്നു. ഡോക്ടര്‍മാരും, ജീവനക്കാരുമെല്ലാം ഒരു പോലെ പരിപാടികളില്‍ പങ്കാളികളായി. എല്ലാറ്റിനും ചുക്കാന്‍ പിടിച്ച എം.സി.സി.യുടെ ഡയറക്ടര്‍ ഡോ: സതിശന്‍ ബാലസുബ്രഹ്‌മണ്യന്‍ ഏവരുടേയും ശ്രദ്ധാകേന്ദ്രമായി.

Share

Leave a Reply

Your email address will not be published. Required fields are marked *