കോഴിക്കോട്: കേന്ദ്രം ഭരിക്കുന്നവരുടെ വര്‍ഗീയ ഫാസിസത്തിനെതിരേ നെഞ്ചുവിരിച്ച് പോരാടാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് സാധിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്. കൊടുങ്കാറ്റും പേമാരിയും ഏറെ കണ്ട പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ മുട്ടുകുത്തിച്ച പ്രസ്ഥാനമാണിത്. സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ ഏഴയലത്ത് പോലുമില്ലാത്ത ബി.ജെ.പി ചരിത്രം വളച്ചൊടിക്കുകയാണ്. ഇപ്പോഴുള്ള പ്രതിസന്ധികളില്‍ നിന്ന് കോണ്‍ഗ്രസ് ഉയര്‍ന്നുവരും. തിക്കോടി നാരായണന് നായര്‍ രചി ച്ച ‘ഡബ്ല്യു.സി ബാനര്‍ജി മുതല്‍ ജെ.ബി കൃപലാനി വരെ’ എന്ന പുസ്തകം പ്രതിപക്ഷ നേതാവ് വി.ഡി സതീശനില്‍നിന്ന് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതിഭാവുകത്വമില്ലാതെ അയത്ന ലളിതമായ രചനാ ശൈലിയിലാണ് ഈ പുസ്തകം രചിക്കപ്പെട്ടിട്ടുള്ളത്. 30 വര്‍ഷം അധ്യാപകനായും 70 വര്‍ഷത്തിലധികമായി സംസ്ഥാനത്തെ സാമൂഹിക-സാംസ്കാരിക രംഗങ്ങളില്‍ സജീവ സാന്നിധ്യമാണ് നാരായണന് നായര്‍. 92-ാം വയസിലും അദ്ദേഹം കര്‍മനിരതനാണ്. കോണ്‍ഗ്രസ് സംസ്കാരത്തിന്റെ വിളഭൂമിയായ കൊയിലാണ്ടിയില്‍ പ്രവര്‍ത്തിച്ച ഇദ്ദേഹം പദവികള്‍ തേടിപ്പോയ ഭാഗ്യന്വേഷിയല്ല. ആദര്‍ശത്തിന് പിന്നാലെ പോയ വ്യക്തിത്വമാണ്. സ്വാതന്ത്ര്യത്തിന് ശേഷം 60 വര്‍ഷം ഇന്ത്യ ഭരിച്ചത് കോണ്‍ഗ്രസാണ്. സ്വാതന്ത്ര്യലബ്ധിക്ക് മുമ്പും അതിന് ശേഷവുമുള്ള ഭാരത ചരിത്രം കോണ്‍ഗ്രസിന്റെ മഹിത ചരിത്രവുമായി ബന്ധപ്പെട്ടതാണെന്നദ്ദേഹം ചൂണ്ടിക്കാട്ടി.
കോണ്‍ഗ്രസ് ഒരു പ്രസ്ഥാനം മാത്രമല്ല ഒരു സംസ്കാരമാണ്, ജീവിത ശൈലിയാണ്. ഇന്ത്യയില്‍ സോഷ്യലിസ്റ്റ് പ്രമേയം ആദ്യമായി അവതരിപ്പിച്ചത് നാല്പതുകാരനായ നെഹ്രു ലാഹോര്‍ കോണ്‍ഗ്രസിലാണ്. ഇന്ത്യയുടെ ബഹുസ്വരത തകര്‍ത്ത് മത രാഷ്ട്രമാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ബി.ജെ.പിക്കും കമ്യൂണിസ്റ്റുകള്‍ക്കും ദേശീയ പാരമ്പര്യമില്ല. ക്വിറ്റ് ഇന്ത്യ സമരത്തെ ഒറ്റു കൊടുക്കുകയും കല്‍ക്കത്ത തീസീസിലൂടെ നെഹ്റുവിനെ അട്ടിമറിക്കാന്‍ ശ്രമിച്ചവരാണ് കമ്മ്യൂണിസ്റ്റുകാര്‍. ബി.ജെ.പിയും കമ്മ്യൂണിസ്റ്റുകളും ചരിത്രത്തെ വക്രീകരിക്കുമ്പോള്‍ യഥാര്‍ഥ ചരിത്രം ജനങ്ങളിലേക്കെത്തിക്കേണ്ടത് കോണ്‍ഗ്രസുകാരുടെ കടമയാണെന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡി.സി.സി പ്രസിഡന്റ് അഡ്വ.കെ.പ്രവീണ്‍കുമാര്‍ അധ്യക്ഷത വഹിച്ചു. മാതൃഭൂമി സ്പെഷ്യല്‍ കറസ്പോണ്ടന്റ് എം.പി സൂര്യദാസ് പുസ്തകം പരിചയപ്പെടുത്തി. കെ.പി.സി.സി ജനറല്‍ സെക്രട്ടറി പി.എം നിയാസ്, ഡി.സി.സി മുന്‍ പ്രസിഡന്റ് കെ.സി അബു, കെ.എസ്.യു പ്രസിഡന്റ് കെ.എം അഭിജിത്ത്, സത്യന് കടിയങ്ങാട്, ഈയ്യച്ചേരി കുഞ്ഞിക്കൃഷ്ണന്, വി.പി ഭാസ്കരന്, പി.എം അബ്ദുറഹ്മാന് എന്നിവര്‍ സംസാരിച്ചു. തിക്കോടി നാരായണന് മറുപടി പ്രസംഗം നടത്തി.