കോഴിക്കോട്: സിറാജ് തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാകലക്ടറായി നിയമിച്ചതിനെതിരേ മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധമിരമ്പി. കെ.യു.ഡബ്ല്യു.ജെ, കെ.എന്‍.ഇ.എഫ് ജില്ലാ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ പ്രസ്‌ക്ലബ് പരിസരത്ത് നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം മാനാഞ്ചിറ ചുറ്റി കിഡ്‌സണ്‍ കോര്‍ണറില്‍ സമാപിച്ചു. കെ.യു.ഡബ്യു.ജെ ജില്ലാ പ്രസിഡന്റ് എം.ഫിറോസ് ഖാന്‍, ജില്ലാ സെക്രട്ടറി പി.എസ് രാകേഷ്, ട്രഷറര്‍ പി.വി നജീബ്, ജില്ലാ വൈസ് പ്രസിഡന്റ് അസ്ലം തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സമാപന സംഗമം പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടറാക്കിയത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പൊതുസമൂഹത്തിന്റെ മുഖത്താണ് ഇത്തരമൊരു നടപടിയിലൂടെ സര്‍ക്കാര്‍ കരിവാരിത്തേച്ചിരിക്കുന്നത്. കൊലപാതകം നടന്ന ശേഷം അത് മൂടിവയ്ക്കാന്‍ ശ്രമിച്ചതുള്‍പ്പെടെ നിരവധി ആരോപണങ്ങളാണ് ശ്രീറാം വെങ്കിട്ടരാമനെതിരേയുള്ളത്. നാട്ടിലെന്തൊക്കെ നടന്നാലും തങ്ങളിങ്ങനെയൊക്കെയേ ചെയ്യൂ എന്ന സര്‍ക്കാര്‍ മനോഭാവം ഭരണകൂട ധാര്‍ഷ്ട്യമാണ്.സമരപരിപാടികളുമായി രംഗത്തുള്ള മാധ്യമപ്രവര്‍ത്തകര്‍ക്ക് അദ്ദേഹം പിന്തുണ അറിയിച്ചു.
ജില്ലാ പ്രസിഡന്റ് എം.ഫിറോസ് ഖാന്‍ അധ്യക്ഷത വഹിച്ചു. സിറാജ് എഡിറ്റര്‍ ഇന്‍ ചാര്‍ജ് ടി.കെ അബ്ദുല്‍ ഗഫൂര്‍, കെ.എന്‍.ഇ. എഫ് ജില്ലാ വൈസ് പ്രസിഡന്റ് സി. രതീഷ്‌കുമാര്‍, കമാല്‍ വരദൂര്‍, എം.വി ഫിറോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. കെ.യു.ഡബ്ല്യു.ജെ ജില്ലാ സെക്രട്ടറി പി.എസ് രാകേഷ് സ്വാഗതവും ട്രഷറര്‍ പി.വി നജീബ് നന്ദിയും പറഞ്ഞു.