മാഹി: കേന്ദ്ര വൈദ്യുതി മന്ത്രാലയം സംഘടിപ്പിച്ച വൈദ്യുതോത്സവത്തില്‍ മാഹിയിലെ കലാകാരന്മാര് അവതരിപ്പിച്ച നാടകം ശ്രദ്ധേയമായി. ഗ്രാമത്തിലെ ഒരു വീട്ടില്‍ വൈദ്യതി ആദ്യമായെത്തിയ സന്തോഷ നിമിഷങ്ങളാണ് നാടകത്തിന്റെ പ്രമേയം. മാഹി വൈദ്യുതി വകുപ്പിലെ അസിസ്റ്റന്റ് എന്‍ജിനീയര്‍ വിനോദ് കുമാര്‍ ഹിന്ദിയില്‍ നിന്ന് പരിഭാഷപ്പെടുത്തിയ തിരക്കഥയുമായി നാടക പ്രവര്‍ത്തകയും മാഹി സി.ഇ ഭരതന് ഗവ. ഹയര്‍ സെക്കന്ററി സ്കൂളിലെ ലൈബ്രേറിയനുമായ മയ്യഴി പുഷ്പയെ സമീപിക്കുകയായിരുന്നു. അവര്‍ മികച്ച നാടക പ്രവര്‍ത്തകനുള്ള ദേശീയ പുരസ്ക്കാരം നേടിയ റിട്ട. അധ്യാപകന് എ.സി.എച്ച് അഷറഫിനെ സമീപിച്ചു. തുടര്‍ന്ന് അഷ്റഫിന്റെ സംവിധാനത്തോടു കൂടി മൂന്ന് ദിവസംകൊണ്ട് നാടകം സ്റ്റേജില്‍ എത്തിക്കുകയായിരുന്നു.
സംവിധായകനായ അഷറഫ് മാസ്റ്റര്‍, ഗവ. ഫ്രഞ്ച് സ്കൂള്‍ അധ്യാപകന് ജയിംസ് സി. ജോസഫ്, റവന്യൂ വകുപ്പ് ജീവനക്കാരന് മാണിക്കോത്ത് രഞ്ജിത്ത്, ലൈബ്രേറിയന്‍ മയ്യഴി പുഷ്പ, വിദ്യാര്‍ഥിനി അനന്യ.കെ എന്നിവര്‍ക്കൊപ്പം അതിഥി താരങ്ങളായി വൈദ്യുതി വകുപ്പ് ജീവനക്കാരായ പി.എം പ്രമോദ്, ഹിരണ്‍, അഭിലാഷ് എന്നിവരും വേഷമിട്ടു. ആനന്ദ് ചാരോത്തിന്റെ സംഗീതവും, ആര്‍ട്ടിസ്റ്റ് രാധാകൃഷ്ണന് മാസ്റ്ററുടെ ചമയവും, ഷിജിത്തിന്റെ ശബ്ദ വെളിച്ച ക്രമീകരണവും രാജേഷ് ചക്കമ്പത്തിന്റെ സാങ്കേതിക സംവിധാനവും കൂടി ചേര്‍ന്നപ്പോര്‍ നാടകം പൂര്‍ണതയിലെത്തി.