കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്കിന്റെ വളര്‍ച്ച അത്ഭുതകരം: മന്ത്രി വി.എന്‍ വാസവന്‍

കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്കിന്റെ വളര്‍ച്ച അത്ഭുതകരം: മന്ത്രി വി.എന്‍ വാസവന്‍

കോഴിക്കോട്: ഇരുപതുവര്‍ഷം കൊണ്ട് കാലിക്കറ്റ് സിറ്റി സര്‍വിസ് സഹകരണ ബാങ്കിനുണ്ടായ വളര്‍ച്ച അത്ഭുതകരമാണെന്ന് സഹകരണ വകുപ്പ് മന്ത്രി വി.എന്‍.വാസവന്‍. സഹകരണ മേഖലയിലെ കരുത്തുറ്റ
സ്ഥാപനമെന്നതിലുപരി ജീവകാരുണ്യ-ആതുര ശുശ്രൂഷ രംഗങ്ങളില്‍ ബാങ്ക് നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണ്. ബാങ്കിന്റെ ഇരുപതാം വാര്‍ഷികാഘോഷം ഹെഡോഫീസിലെ സജന്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സഹകരണ മേഖല നമ്മുടെ ജീവിതത്തിന്റെ സമസ്ത മേഖലകളെ സ്പര്‍ശിക്കുന്ന ഒന്നായി മാറിക്കഴിഞ്ഞിട്ടുണ്ട്. നമ്മുടെ സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും പബ്ലിക് സെക്ടറിലെ സ്ഥാപനങ്ങള്‍ക്കും
സഹകരണമേഖല പിന്തുണ നല്‍കുന്നുണ്ട്‌. സഹകരണ മേഖലയുടെ ആത്യന്തിക ലക്ഷ്യം കാര്‍ഷിക മേഖലയുടെ പുരോഗതിയാണ്. സംസ്ഥാനത്ത് പുതിയ വ്യവസായങ്ങള്‍ക്ക്‌  സഹകരണ മേഖല സഹായകരമായ നിലപാടാണ് സ്വീകരിച്ചു വരുന്നത്‌. സംസ്ഥാനത്ത് സഹകരണ മേഖലയില്‍ രണ്ടര ലക്ഷംകോടി രൂപയുടെ നിക്ഷേപമാണുള്ളത്. സഹകരണ മേഖലയുടെ വികസനത്തിനും സുരക്ഷിതത്വത്തിനും വേണ്ടി സര്‍ക്കാര്‍ ഒട്ടനവധി നടപടികള്‍ സ്വീകരിച്ച് വരികയാണ്.

സഹകരണ സ്ഥാപനങ്ങളിലെ മെമ്പര്‍മാര്‍ക്ക് ഗുരുതര അസുഖം വന്നാല്‍ ചികിത്സാ സഹായമായി 50,000 രൂപ നല്‍കുന്നുണ്ട്‌. 2300 പേര്‍ക്ക് ഈ ആനുകൂല്യം ഇതിനകം ലഭ്യമാക്കിയിട്ടുണ്ട്. സഹകാരികള്‍ക്കും ഇതേ ആനുകൂല്യം നല്‍കുന്നു. വായ്പയെടുത്ത വ്യക്തി മരണപ്പെട്ടാല്‍ മൂന്ന് ലക്ഷം രൂപവരെ വായ്പതുകയില്‍ ഇളവ്‌
നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. കേരളത്തിലെ സഹകരണ മേഖലയില്‍ അനാവശ്യ ഇടപെടലുകള്‍ നടത്തുന്ന ആര്‍.ബി.ഐ, കേന്ദ്ര സര്‍ക്കാര്‍ നടപടികളെ ചെറുക്കും.  38 ദിവസംകൊണ്ട് നടത്തിയ നിക്ഷേപ സമാഹരണ യജ്ഞത്തില്‍ 6,000 കോടി ലക്ഷ്യമിട്ടതെങ്കില്‍ 9,946 കോടി രൂപയാണ് ജനങ്ങള്‍ നല്‍ കിയത്. ഇത് കാണിക്കുന്നത് സഹകരണ മേഖലയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസമാണ്. കാലിക്കറ്റ് സിറ്റി സര്‍വീസ് കോ-ഓപറേറ്റീവ് ബാങ്ക്
സില്‍വര്‍ ജൂബിലി ആഘോഷിക്കുമ്പോഴേക്കും 2000 കോടി നിക്ഷേപമുള്ള ബാങ്കായി വളരട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

ബാങ്ക് ചെയര്‍മാന്‍ ജി.നാരായണന്‍കുട്ടി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഡയാലിസിസ് സെന്ററിന്റെ പത്താം വാര്‍ഷികം തോട്ടത്തില്‍ രവീന്ദ്രന്‍ എം.ല്‍.എ ഉദ്ഘാടനം ചെയ്തു. ജോയിന്റ് രജിസ്ട്രാര്‍ ബി.സുധ,  പാക്‌സ് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ.ജി.സി പ്രശാന്ത് കുമാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം.മെഹബൂബ്, യു.എല്‍.സി.സി ചെയര്‍മാന്‍ രമേശന്‍പാലേരിക്കുവേണ്ടി ഡയരക്ടര്‍ ഷിജിന്‍ ടി.ടി, കാരശ്ശേരി സഹകരണ ബാങ്ക് ചെയര്‍മാന്‍ എന്‍.കെ അബ്ദുറഹിമാന്‍, ചക്കിട്ടപ്പാറ വനിതസഹകരണ സംഘം പ്രസിഡന്റ് ത്രേസ്യാമ്മ എന്നിവര്‍ ആദരവ്‌ ഏറ്റുവാങ്ങി. ബാങ്കിന്റെ ഉപഹാരം മന്ത്രിക്ക് ബാങ്ക് സ്ഥാപക ചെയര്‍മാന്‍ സി.എന്‍ വിജയകൃഷ്ണന്‍ സമ്മാനിച്ചു. ഡയരക്ടര്‍ പി.ദാമോദരന്‍ സ്വാഗതം പറഞ്ഞു. ജനറല്‍ മാനേജര്‍ സാജു ജെയിംസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബാങ്ക് ഡയരക്ടര്‍ കെ.പി രാമചന്ദ്രന്‍ നന്ദി പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *