മാഹി: മാഹി വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ഒഴിഞ്ഞുകിടക്കുന്ന അധ്യാപക ഒഴിവുകളിലേക്ക് നിയമനം നടത്തണമെന്നാവശ്യപ്പെട്ട് ആഗസ്റ്റ് ആദ്യവാരത്തില്‍ മാഹി മേഖല സംയുക്ത അധ്യാപക-രക്ഷാകര്‍തൃസമിതി ജനകീയ പ്രക്ഷോഭമാരംഭിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നേരത്തെ പലവട്ടം നിവേദനമായും നേരിട്ടും വിദ്യാഭ്യാസ ഡയരക്ടര്‍ തൊട്ട് മുഖ്യമന്ത്രി വരെയുള്ളവരെ മയ്യഴിയില്‍ അധ്യാപകരില്ലാത്തതിനാലുള്ള പ്രശ്‌നങ്ങള്‍ അറിയിച്ചിരുന്നുവെങ്കിലും നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടില്ല. അധ്യയനം മുടക്കാതെ വിദ്യാര്‍ഥികളെ ഒഴിവാക്കിയാണ് സമരം നടത്തുകയെന്ന് പ്രസിഡന്റ് ഷാനിദ് മേക്കുന്ന് പറഞ്ഞു. മാഹി മേഖല ജോ. പി.ടി.എ ഭാരവാഹികളായ കെ.വി സന്ദീവ്, ഷിബു കളാണ്ടിയില്‍, ഷൈനി ചിത്രന്‍ , സി.എച്ച് അഫീല, രാഹില യൂനുസ്, ശിവന്‍ തിരുവങ്ങാടന്‍, പി.പി.പ്രദീപന്‍ സംബന്ധിച്ചു.