ഭോപ്പാൽ : വിശ്വാസ വോട്ടെടുപ്പിന് കാത്തുനിൽക്കാതെ കമൽനാഥിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ രാജിവെച്ചു. രാജിക്കത്ത് ഇന്നുതന്നെ ഗവർണർക്ക് കൈമാറുമെന്ന് മുഖ്യമന്ത്രി കമൽനാഥ് പ്രഖ്യാപിച്ചു.
കമൽനാഥിനോട് ഇന്ന് നിയമസഭയിൽ വിശ്വാസവോട്ട് തേടാൻ സുപ്രീംകോടതി നിർദേശിച്ചിരുന്നു.
എന്നാൽ കഴിഞ്ഞദിവസം രാത്രി 16 വിമത കോൺഗ്രസ് എംഎൽഎമാരുടെ രാജി സ്പീക്കർ പ്രജാപതി അംഗീകരിച്ചിരുന്നു. ഇതോടെ കമൽനാഥ് സർക്കാർ ന്യൂനപക്ഷമായി.
ബിജെപിയിലേക്ക് പോയ ജ്യോതിരാദിത്യ സിന്ധ്യക്ക് പിന്തുണയർപ്പിച്ച് 22 കോൺഗ്രസ് എംഎൽഎമാർ രാജിവെച്ചതോടെയാണ് കമൽനാഥ് സർക്കാർ പ്രതിസന്ധിയിലായത്. രാജിവെച്ച 22 എംഎൽഎമാരിൽ 16 പേരുടെ രാജി വ്യാഴാഴ്ച രാത്രി സ്പീക്കർ എൻ.പി. പ്രജാപതി സ്വീകരിച്ചിരുന്നു.
ആറ് പേരുടെ രാജി നേരത്തേ സ്വീകരിച്ചതോടെ കോൺഗ്രസ് എംഎൽഎമാരുടെ എണ്ണം 98 ആയി ചുരുങ്ങി.
ബിജെപിക്ക് 107 അംഗങ്ങളുണ്ട്.
നിയമസഭയിൽ വിശ്വാസവോട്ട് നേടാനുളള എല്ലാ സാധ്യതകളും അടഞ്ഞതോടെയാണ് കമൽനാഥ് രാജി പ്രഖ്യാപിച്ചത്. ഇതോടെ മധ്യപ്രദേശിൽ ബിജെപി ഭരണത്തിലേറാനുള്ള സാധ്യത തെളിഞ്ഞു.