സംസ്ഥാനത്ത്‌ 164 സഹകരണ സംഘങ്ങള്‍ നഷ്ടത്തില്‍; നിക്ഷേപ തുകകള്‍ തിരിച്ചുകൊടുക്കാന്‍ കഴിയുന്നില്ല

സംസ്ഥാനത്ത്‌ 164 സഹകരണ സംഘങ്ങള്‍ നഷ്ടത്തില്‍; നിക്ഷേപ തുകകള്‍ തിരിച്ചുകൊടുക്കാന്‍ കഴിയുന്നില്ല

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വീസ് സഹകരണ സംഘങ്ങള്‍ വന്‍ സാമ്പത്തിക പ്രതിസന്ധിയിലെന്ന് സര്‍ക്കാര്‍. കാലാവധി കഴിഞ്ഞിട്ടും നിക്ഷേപം തിരികെ നല്‍കാന്‍ കഴിയാത്തവയാണീ സഹകരണസംഘങ്ങള്‍. 164 സഹകരണ സംഘങ്ങളാണ് നഷ്ടത്തിലായതെന്ന് സഹകരണ മന്ത്രി വി.എന്‍ വാസവനാണ് നിയമസഭയില്‍ ഈ വിവരം അറിയിച്ചത്. കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എയുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് ഈ വിവരം മന്ത്രി സഭയെ അറിയിച്ചത്.
ചെറിയ തുക മുതല്‍ വന്‍ തുകകള്‍ വരെ നിക്ഷേപങ്ങള്‍ സ്വീകരിച്ച സ്ഥാപനങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയിലായതോടെ നൂറ് കണക്കിന് നിക്ഷേപകരാണ് പ്രതിസന്ധിയിലായത്. ഓരോ ജില്ലയില്‍ നഷ്ടത്തിലായ സഹകരണ സംഘങ്ങളുടെ കണക്കുകളും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. ഏറ്റവും കൂടുതല്‍ സഹകരണ സംഘങ്ങള്‍ നഷ്ടത്തിലുള്ളത് തിരുവനന്തപുരം ജില്ലയിലാണ്. ഇവിടെ 37 സ്ഥാപനങ്ങളാണ് നഷ്ടത്തില്‍. 100 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയ കണ്ടല സര്‍വീസ് സഹകരണ ബാങ്ക് അടക്കമുള്ള സംഘങ്ങള്‍ തലസ്ഥാന ജില്ലയില്‍ മാത്രം ഉണ്ടെന്നാണ് സഹകരണ വകുപ്പിന്റെ കണക്ക്.

കോട്ടയം-22, പത്തനംതിട്ട – 15, ആലപ്പുഴ – 15, കൊല്ലം -12, മലപ്പുറം – 12, തൃശ്ശൂര്‍ – 11 എന്നീ ജില്ലകളില്‍ ഇത്രയും സംഘങ്ങള്‍ നിക്ഷേപം തിരിച്ച് കൊടുക്കാനില്ലാത്ത വിധം പ്രതിസന്ധിയിലാണ്. 2018ലെ നിക്ഷേപ ഗ്യാരണ്ടി സ്‌കീം അനുസരിച്ച് നിക്ഷേപകര്‍ക്ക് രണ്ട് ലക്ഷം രൂപ വരെയാണ് നിലവില്‍ സുരക്ഷ. ഈ പരിധി അഞ്ച് ലക്ഷം രൂപ വരെ ആക്കി ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ച് വരികയാണെന്നും മന്ത്രി നിയമസഭയില്‍ നല്‍കിയ മറുപടിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. സഹകരണ ധനകാര്യ സ്ഥാപനങ്ങളിലെ ധനവിനിയോഗത്തിലെ ക്രമക്കേട് മുതല്‍ സംഘങ്ങളില്‍ നിന്ന് വായ്പ എടുത്തവര്‍ യഥാസമയം തിരിച്ചടക്കാത്തത് വരെ പ്രതിസന്ധിക്ക് കാരണമാണെന്ന് പറയപ്പെടുന്നു.

കരുവന്നൂര്‍ ബാങ്കില്‍ 30 ലക്ഷം നിക്ഷേപിച്ചിട്ടും ചികിത്സയ്ക്ക് പണം കിട്ടാതെ സ്ത്രീ മരിച്ചതിന് പിന്നാലെയാണ് നിയമസഭയില്‍ ഇത് സംബന്ധിച്ച ചോദ്യം ഉയര്‍ന്നത്. ഇതിന് പിന്നാലെയാണ് പ്രതിസന്ധിയിലായ സഹകരണ സംഘങ്ങളുടെ ഞെട്ടിക്കുന്ന കണക്ക് വെളിപ്പെടുന്നത്. പതിനാല് ജില്ലകളിലായി 164 സംഘങ്ങള്‍ സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി നേരിടുന്നുവെന്നാണ് സഹകരണ മന്ത്രി നിയമസഭയെ അറിയിച്ചത്.

Share

Leave a Reply

Your email address will not be published. Required fields are marked *