ജനകീയ സമരസംഘടനാ പ്രതിനിധികളുടെ സംഗമം ആഗസ്റ്റ് ഒമ്പതിന്

കോഴിക്കോട്: പരിസ്ഥിതി സംരക്ഷണം, സാമൂഹിക നീതി, പൗരാവകാശ സംരക്ഷണം എന്നീ വിഷയങ്ങള്‍ക്കായി നിലകൊള്ളുന്ന സംസ്ഥാനത്തെ സമരസംഘടനാ പ്രതിനിധികളുടെ സംഗമം ക്വിറ്റ് ഇന്ത്യ ദിനമായ ആഗസ്റ്റ് ഒമ്പതിന് കോഴിക്കോട്ട് നടക്കും. പരിപാടിയില്‍ മേധപട്കര്‍, മഗ്‌സാസെ അവാര്‍ഡ് ജേതാവ് ഡോ. സന്ദീപ് പാണ്ഡെ, ഏകതാ പരീക്ഷത്ത് നേതാവ് പി.വി രാജഗോപാല്‍, കൂടംകുള സമര നേതാവ് എസ്.പി ഉദയകുമാര്‍ എന്നിവരെ പങ്കെടുപ്പിക്കാന്‍ ഗാന്ധിഗൃഹത്തില്‍ ചേര്‍ന്ന സംഘാടകസമിതി രൂപീകരണയോഗം തീരുമാനിച്ചു.

സംഘാടക സമിതി ഭാരവാഹികളായി ടി.വി രാജന്‍ (ചെയര്‍മാന്‍), ഇ.കെ ശ്രീനിവാസന്‍ (ജനറല്‍ കണ്‍വീനര്‍), പി. രമേശ്ബാബു, പി.കെ ശശിധരന്‍, മൊയ്തു കണ്ണങ്കോടന്‍ (വൈസ് ചെയര്‍മാന്‍മാര്‍), പി.ടി മുഹമ്മദ് കോയ, എ.എസ് ജോസ്, കെ.എ ഷുക്കൂര്‍ (കണ്‍വീനര്‍മാര്‍), വി.പി നസീര്‍ (ട്രഷറര്‍), ജോണ്‍ പെരുവന്താനം (കോ-ഓര്‍ഡിനേറ്റര്‍), മനോജ് ടി.സാരംഗ് (സഹ കോ-ഓര്‍ഡിനേറ്റര്‍) എന്നിവരെ തിരഞ്ഞെടുത്തു. യോഗം പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ ജോണ്‍ പെരുവന്താനം ഉദ്ഘാടനം ചെയ്തു. ടി.വി രാജന്‍ അധ്യക്ഷത വഹിച്ചു.

നര്‍മ്മദ പദ്ധതിയുടെ പേരില്‍ കുടിയിറക്കപ്പെട്ടവര്‍ക്ക് സംരക്ഷണം നല്‍കാനും അവരുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കാനും വേണ്ടി പ്രവര്‍ത്തിക്കുന്ന നവ നിര്‍മാണ്‍ അഭിയാനും അതിന് നേതൃത്വം നല്‍കുന്ന മേധാ പട്കര്‍ക്കുമെതിരേ കേസെടുത്ത മധ്യപ്രദേശ് സര്‍ക്കാരിന്റെ നടപടിയില്‍ യോഗം പ്രതിഷേധിച്ചു. ജനകീയ പ്രതിരോധങ്ങളെ തകര്‍ക്കാനുള്ള ഭരണകൂട ശ്രമത്തിന്റെ ഭാഗമാണിതെന്ന് യോഗം കുറ്റപ്പെടുത്തി. കാസര്‍കോട്ടെ എന്‍ഡോ സള്‍ഫാന്‍ പീഡിതര്‍ക്ക് വിദഗ്ധ ചികിത്സാ സംവിധാനങ്ങള്‍ ഉടന്‍ ഒരുക്കണമെന്നും പ്രമുഖ സാമൂഹ്യ പ്രവര്‍ത്തക ദയാബായ് അനിശ്ചിതകാല നിരാഹാര സമരം നടത്തേണ്ടി വരുന്ന ഒരു സാഹചര്യം ഒഴിവാക്കണമെന്നും യോഗം കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

Share

Leave a Reply

Your email address will not be published. Required fields are marked *