പൗരത്വ നിയമം അടിയന്തരാവസ്ഥയുടെ ആദ്യപടി -തമ്പാന്‍ തോമസ്

കോഴിക്കോട് : മോദി സര്‍ക്കാര്‍ നടപ്പിലാക്കുന്ന പൗരത്വനിയമം രാജ്യത്ത് അടിയന്തരാവസ്ഥയുടെ ആദ്യപടിയാണെന്ന് സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവ് തമ്പാന്‍ തോമസ് പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ എല്ലാ മേഖലകളെയും തങ്ങളുടെ ചൊല്‍പ്പടിയിലാക്കുകയാണ്. ജുഡീഷ്യറിയില്‍ നടത്തിയ ഇടപെടലുകളുടെ രേഖാചിത്രമാണ് റിട്ടയേര്‍ഡ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ പുതിയ സ്ഥാനലബ്ധി.

                       തമ്പാൻ തോമസ്

ജുഡീഷ്യറി മുതല്‍ എല്ലാ രംഗത്തും തങ്ങളുടെ സേച്ഛാധിപത്യം നടപ്പാക്കുകയും, എതിര്‍ക്കുന്നവരെ നിശബ്ദരാക്കുകയും ചെയ്യുന്നത് തുടരുകയാണ്.
പൗരത്വനിയമത്തിനെതിരായ പോരാട്ടം കേവലം മുസ്ലീംകള്‍ മാത്രം നടത്തേണ്ടതല്ല. മുസ്ലീം പക്ഷത്ത് നിന്ന് നടക്കുന്ന പോരാട്ടം ബി.ജെ.പി ആഗ്രഹിക്കുന്ന ഒന്നാണ്. ഇതിനെതിരെ തൊഴിലാളി-കര്‍ഷക-യുവജന മുന്നേറ്റമുണ്ടാവണം. എങ്കില്‍ മാത്രമേ ഈ ഫാസിസ്റ്റ് ഭരണകൂടത്തെ പിഴുതെറിയാനാകൂ.

ഇന്ദിരാഗാന്ധിയുടെ ഏകാധിപത്യത്തെ ചെറുത്ത് തോല്‍പ്പിച്ച പാരമ്പര്യമുള്ള ജനത ഇക്കാര്യത്തില്‍ മോദിയെയും കൂട്ടരെയും തറപറ്റിക്കുക തന്നെ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ്സിന്റെ പ്രസക്തിയില്ലാതായികൊണ്ടിരിക്കുകയാണ്. പല കോണ്‍ഗ്രസ്സ് നേതാക്കളുടെയും ബാക്ക്ഗ്രൗണ്ട് ആര്‍.എസ്.എസ്, ബി.ജെ.പിയുടേതാണ്.

1984-85ല്‍ ആര്‍.എസ്.എസ് നേതാവായിരുന്ന ദേവറസ് ആഹ്വാനം ചെയ്ത ഘട്ടത്തിലാണ് പാര്‍ലമെന്റില്‍ കോണ്‍ഗ്രസിന് ഏറ്റവും വലിയ ഭൂരിപക്ഷം ലഭിച്ചത്. കോണ്‍ഗ്രസും, ബി.ജെ.പിയും ഒരു നാണയത്തിന്റെ ഇരു വശങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിന്റെ എം.എല്‍.എമാര്‍ മധ്യപ്രദേശിലും ഗുജറാത്തിലും ബി.ജെ.പിയാവുന്നതിന്റെ കാരണങ്ങളിലൊന്ന് ഇതാണ്. കേരളത്തില്‍ കോണ്‍ഗ്രസ് എടുക്കുന്ന നിലപാട് ഇവിടത്തെ മുസ്ലീം, ക്രിസ്ത്യന്‍ വോട്ട് ബാങ്ക് മുന്നില്‍ കണ്ടാണ്. നരസിംഹറാവുവിന്റെ കാലത്താണ് ബാബറി മസ്ജിദ് പൊളിച്ചത്. സുപ്രീംകോടതി പറഞ്ഞ തുകപോലും ഈടാക്കാതെ കേന്ദ്രസര്‍ക്കാര്‍ ടെലികോം കമ്പനികളെ വഴിവിട്ട് സഹായിക്കുകയാണ്.

ബാങ്കുകള്‍ ഇല്ലാതാക്കി, ജനങ്ങളെ ഒന്നിച്ച് കൊല്ലുന്ന സാമ്പത്തിക കുറ്റവാളികളായ ബാങ്കുടമകളെ കേന്ദ്രസര്‍ക്കാര്‍ സംരക്ഷിക്കുകയാണ്.
അധികാരത്തിന് വേണ്ടി ആരുടെയും കാല്പിടിക്കുന്ന ചില സോഷ്യലിസ്റ്റ് നേതാക്കളാണ് സോഷ്യലിസ്റ്റ് മുന്നേറ്റത്തിന് വിഘാതം. സോഷ്യലിസ്റ്റ് മുന്നേറ്റമുണ്ടാകുമ്പോള്‍ അവര്‍ ആ കൂട്ടായ്മയെ പിന്നില്‍ നിന്ന് തകര്‍ക്കും. സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന് നേതൃത്വം കൊടുത്ത മഹാരഥന്‍ന്മാരായ നേതാക്കന്‍ന്മാരെ ഒതുക്കിയതും ഇവരൊക്കെ തന്നെയാണ്.

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും മുതലാളിമാരെ പ്രീണിപ്പിക്കുകയാണ്. 1939ല്‍ കോണ്‍ഗ്രസില്‍ നിന്ന് നെഹ്രു, ജയപ്രകാശ് നാരായണന്‍, ആചാര്യകൃപലാനി, തുടങ്ങിയ നേതാക്കള്‍ തുടങ്ങിവെച്ച സോഷ്യലിസ്റ്റ് മൂവ്‌മെന്റാണ് രാജ്യത്തിന് ഇന്ന് ആവശ്യം. ബംഗാളില്‍ ടാറ്റയെകൊണ്ട് വന്നു. സി.പി.എം ഭരണം പോയി ത്രിപുരയില്‍ സി.പി.എം ഒറ്റപ്പെട്ടു. കേരളത്തില്‍ കോണ്‍ഗ്രസിന് കഴിവില്ലാത്തതിനാല്‍ മാത്രമാണ് സി.പി.എം പിടിച്ചു നില്‍ക്കുന്നത്.

സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളുടെ ഏകീകരണവും നടന്നുവരികയാണ് രാജ്യമൊട്ടാകെ ഇപ്പോള്‍ ഒരു വാഹന ജാഥ നടന്നുവരികയാണ്. സംഗമം നടന്നു കഴിഞ്ഞു. എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും പ്രതിനിധികളെ പങ്കെടുപ്പിച്ച് അഖിലേന്ത്യാ സമ്മേളനവും നടക്കാന്‍ പോവുകയാണ്. ബ്രീട്ടീഷുകാരെ കെട്ടുകെട്ടിച്ച് വിട്ടതാണ് ഇന്ത്യന്‍ ജനത. ഇവിടെ അടിസ്ഥാനപരമായി മതേതരത്വമാണ് നിലനില്‍ക്കേണ്ടത്.

തൊഴിലാളി-കര്‍ഷക-യുവജന മുന്നേറ്റത്തില്‍ ഫാസിസ്റ്റ് നടപടികളുമായി മുന്നോട്ട് പോകുന്ന സര്‍ക്കാരിനെ ചെറുത്ത് തോല്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *