-
ചാലക്കര പുരുഷു
ന്യൂ മാഹി: കഞ്ഞു ലൈബ അക്ഷര ലോകത്തെ അത്ഭുതമായി ഗിന്നസിൽ നക്ഷത്ര ശോഭ പകർന്നപ്പോൾ, വാർത്ത വായിച്ച എക്സൈസ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ കുഞ്ഞുനോവലിസ്റ്റിനെ വിളിച്ചഭിനന്ദിച്ചു. മന്ത്രിയുടെ അഭിനന്ദന വാക്കുകൾ കേട്ടപ്പോൾ, രണ്ട് പുസ്തകങ്ങൾ അയച്ചുതരാമെന്ന് ലൈബ മറുപടിയുമേകി. ‘അതു വേണ്ട, ഞാൻ അടുത്ത ദിവസം വീട്ടിൽ വന്ന് എഴുത്തുകാരിയുടെ കൈകളിൽ നിന്നു തന്നെ വാങ്ങിച്ചു കൊള്ളാമെന്ന് മന്ത്രി. ഇന്നലെ സന്ധ്യയോടെ പെരിങ്ങാടിയിലെ വീട്ടിൽ മന്ത്രിയെത്തിയപ്പോഴേക്കും അവിടെ നാട്ടുത്സവത്തിൻ്റെ പ്രതീതിയായിരുന്നു. പഞ്ചായത്ത് പ്രസിഡണ്ട് എം.കെ സെയ്ത്തു ഉൾപ്പെടെയുള്ള പഞ്ചായത്ത് അംഗങ്ങളും, നാട്ടുകാരുമെല്ലാം ലൈബയുടെ വീട്ടിലെത്തിയിരുന്നു. എഴുത്തിൻ്റെ വഴിയിൽ, കാൽപ്പനികതയ്ക്കുമപ്പുറം ശാസ്ത്രീയാവ ബോധത്തിൻ്റെ ആകാശങ്ങളിൽ കുഞ്ഞു പ്രായത്തിൽ തന്നെ പറക്കാൻ സാധിച്ച ലോക ശ്രദ്ധയാകർഷിച്ച എഴുത്തുകാരിക്ക് മന്ത്രി സർവ്വ മംഗളങ്ങളും നേർന്നു. പുസ്തകങ്ങൾ കൈപ്പറ്റിയ മന്ത്രി വായിച്ച് അഭിപ്രായമറിയിക്കാമെന്നും പറഞ്ഞു.
കുഞ്ഞു പ്രായത്തിലേ മൂന്ന് നോവലുകളെഴുതിയാണ് ഗിന്നസ് ബുക്കിൽ ഇടം നേടിയത്.
ലോകത്തിലെ ഒന്നാംനിര പ്രസാധകരായആമസോൺ കമ്പനിക്കാർ പ്രസിദ്ധീകരിച്ച ഓർഡർ ഓഫ് ദ ഗാലക്സി എന്ന ആംഗലേയ നോവൽ പരമ്പര ഇതിനകം ലോക ശ്രദ്ധയാകർഷിച്ചു കഴിഞ്ഞു. ആകാശവിസ്മയങ്ങളിലൂടെ കുട്ടിസംഘം നടത്തിയ കൗതുകവും വിസ്മയങ്ങളും നിറഞ്ഞ സഞ്ചാരമാണ് നോവലിന് ഇതിവൃത്തമായത്.
ഖത്തറിൽ ഓയിൽ കമ്പനിയിൽ ജോലി ചെയ്യുന്ന അബ്ദുൾ ബാസി , തസ്നി ബാസിദ് – തസ്നി ദമ്പതികളുടെ മകളായ ലൈബ ഖത്തറിലെ ഒലീവ് ഇൻ്റർനാഷണൽ സ്കൂളിലെ ആറാംതരം വിദ്യാർത്ഥിനിയാണ്.