കസ്തൂര്‍ബ ഗാന്ധിയുടെ അര്‍ദ്ധകായ പ്രതിമയുമായി സത്യന്‍ നീലിമ

കസ്തൂര്‍ബ ഗാന്ധിയുടെ അര്‍ദ്ധകായ പ്രതിമയുമായി സത്യന്‍ നീലിമ

ചാലക്കര പുരുഷു

മാഹി: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിക്ക് മയ്യഴിയിലടക്കം ഒട്ടേറെ പ്രതിമകളുണ്ടെങ്കിലും, അദ്ദേഹത്തിന്റെ സഹധര്‍മ്മിണി കസ്തൂര്‍ബാ ഗാന്ധിയുടെ പ്രതിമ കേരളത്തില്‍ അത്യപൂര്‍വ്വമാണ്. എന്നാല്‍ മയ്യഴിയിലെ സര്‍ക്കാര്‍ ഹൈസ്‌കൂളായ പളളൂര്‍ കസ്തൂര്‍ബാ ഗാന്ധി സ്‌കൂളില്‍ ശില്‍പിയും ചിത്രകാരനും അദ്ധ്യാപകനുമായ വാണിമേല്‍ സ്വദേശി സത്യന്‍ നീലിമയിലൂടെ കസ്തൂര്‍ബ ഗാന്ധിയുടെ അര്‍ദ്ധകായ പ്രതിമ തയ്യാറാവുകയാണ്. തറയുള്‍പ്പടെ മൂന്ന് മീറ്റര്‍ ഉയരവും ഒന്നര മീറ്റര്‍ വീതിയുമുള്ള പ്രതിമ സ്‌കൂള്‍ പി.ടി.എയാണ് സ്‌പോണ്‍സര്‍ ചെയ്യുന്നത്.

ആദ്യഘട്ട നിര്‍മ്മാണം പരപ്പുപാറക്കടുത്തെ സ്വന്തം വീട്ടിലെ പണിപുരയില്‍ തീരാറായെന്നും, മിനുക്ക് പണികള്‍ മാഹി പള്ളൂര്‍ കസ്തൂര്‍ബ ഹൈസ്‌കൂളില്‍ വച്ച് പൂര്‍ത്തിയാക്കുമെന്നും സത്യന്‍ നീലിമ പറഞ്ഞു. ഗാന്ധിജിയെ ഹൃദയത്തിലേറ്റിയ ശില്‍പ്പി ഇതിനകം ഗാന്ധിജിയുടെ ഓയില്‍ പെയിന്റില്‍ വരച്ച 120 പോട്രൈറ്റുകള്‍ വിവിധ സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് നല്‍കിയിട്ടുണ്ട്.

ഗാന്ധിജിയെ അറിയാന്‍ കര്‍ണ്ണാടക സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച സ്‌കൂള്‍ പാഠപുസ്തകത്തില്‍ ഗാന്ധിജിയുടെ ജീവിത സന്ദര്‍ഭങ്ങളും, വിവിധ രൂപത്തിലും ഭാവങ്ങളിലുമുള്ള ചിത്രങ്ങളും ആലേഖനം ചെയ്ത ആര്‍ട്ടിസ്റ്റ് സത്യനെക്കുറിച്ചുള്ള ഒരു അധ്യായം തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. രവീന്ദ്രനാഥ ടാഗോറിന്റെ ശില്‍പം സത്യന്‍ നേരത്തെ നിര്‍മിച്ചിരുന്നു. ആ ശില്‍പം ഇപ്പോള്‍മൊകേരി ഗവ.കോളജിലെ പ്രീ ഡിഗ്രി-98 ബാച്ചിലെ പൂര്‍വ്വ വിദ്യര്‍ഥികള്‍ കോളജ് അങ്കണത്തില്‍ നിര്‍മിച്ച ടാഗോര്‍ സ്‌ക്വയറിലാണുള്ളത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *